National

ഇന്‍സ്റ്റാഗ്രാം ജ്യോതിഷിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു

യുവതിയുടെ ജാതകത്തില്‍ പുതിയ പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന പ്രണയ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ ചില പൂജകളിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാള്‍ ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആദ്യം ചെറിയ തുകയില്‍ തുടങ്ങിയ തട്ടിപ്പ് പിന്നീട് ലക്ഷങ്ങളില്‍ അവസാനിക്കുകയായിരുന്നു. വിജയകുമാര്‍ എന്നാണ് ജ്യോതിഷി സ്വയം പരിചയപ്പെടുത്തിയത്.

ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജനുവരിയിലാണ് വ്യാജ ജ്യോതിഷിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിചയപ്പെടുന്നത്. പ്രൊഫൈലില്‍ ജ്യോതിഷ സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുകയും ഒരു അഘോരി ബാബയുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്‍സ്റ്റാ പ്രൊഫൈലിലെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടയായി, യുവതി അക്കൗണ്ടിലേക്ക് സന്ദേശമയച്ചു, വിജയ് കുമാര്‍ ഉടന്‍ തന്നെ മറുപടി നല്‍കി. തുടര്‍ന്ന് ജാതകം പരിശോധിക്കാന്‍ യുവതിയുടെ പേരും ജനനത്തീയതിയും ആവശ്യപ്പെട്ടു.

ജാതകം പരിശോധിച്ചപ്പോള്‍ യുവതിയുടേത് ഒരു പ്രണയ വിവാഹം ആയിരിക്കുമെന്നും അതില്‍ ധാരാളം പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഇയാള്‍യ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, ചില പൂജകളിലൂടെ തനിക്ക് അത് പരിഹരിച്ചു തരാന്‍ കഴിയുമെന്നും ഇയാള്‍ അവകാശപ്പെട്ടു. പ്രാരംഭ പൂജയ്ക്ക് 1,820 രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. അത് ന്യായമാണെന്ന് കരുതിയ യുവതി ഡിജിറ്റല്‍ പെയ്‌മെന്റ് വഴി പണം കൈമാറി. എന്നാല്‍, ജ്യോതിഷിയുടെ ആവശ്യങ്ങള്‍ അവിടെ അവസാനിച്ചില്ല.

അയാള്‍ യുവതിയുടെ ജാതകത്തില്‍ പുതിയ പുതിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. ഒപ്പം പ്രശ്‌ന പരിഹാരത്തിന് പൂജകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ പൂജകള്‍ക്കായി ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തത് 5.9 ലക്ഷം രൂപയാണ്. ഒടുവില്‍ താന്‍ വഞ്ചിപ്പെടുകയാണെന്ന് മനസ്സിലായി. ഇതോടെ യുവതി പണം തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്നും വ്യാജ ജ്യോതിഷിയോട് പറഞ്ഞു. അങ്ങനെ 13,000 രൂപ ഇയാള്‍ തിരികെ നല്‍കി. ഒപ്പം ബാക്കി തുക ആവശ്യപ്പെട്ടാല്‍ താന്‍ ജീവന്‍ അവസാനിപ്പിക്കുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

അധികം വൈകാതെ പ്രശാന്ത് എന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തി അഭിഭാഷകനെന്ന വ്യാജേന യുവതിയെ വിളിച്ചു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് കൊണ്ട് യുവതിയെ നിരന്തരമായി ഭീഷണിപ്പെടുത്തി. ശല്യം സഹിക്കവയ്യാതായ യുവതി പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ തട്ടിപ്പ് പുറത്തുവരികയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, ബിഎന്‍എസ് സെക്ഷന്‍ 318 പ്രകാരം വിജയ് കുമാറിനും ഇയാളുടെ കൂട്ടാളികള്‍ക്കും എതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!