കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ആഭ്യന്തര അന്വേഷണം

ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതിയുടെ തീരുമാനം. ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താൻ സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗം തീരുമാനിച്ചത്
സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് രാവിലെ ചേർന്ന സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗമാണ് ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ അന്വേഷണത്തിന് തീരുമാനമായത്. കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ച വിവരം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫുൾ കോർട്ട് യോഗത്തെ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കാനുള്ള തീരുമാനവും ചീഫ് ജസ്റ്റിസ് അറിയിച്ചു.
എന്നാൽ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ആഭ്യന്തര അന്വേഷണത്തിന് തീരുമാനമായത്. സുപ്രിം കോടതിയിലെ ഒരു ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകും. രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും സമിതിയിൽ അംഗമായിരിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാർലമെന്റിന് കടക്കാം