നാദ് അല്‍ ഷീബയില്‍ ഇന്റെര്‍സെക്ഷന്‍ മാറ്റി റൗണ്ട്എബൗട്ടാക്കി; യാത്രാ സമയം 60 ശതമാനം കുറയും
ദുബൈ: നാദ് അല്‍ ഷീബയിലെ ഇന്റെര്‍സെക്ഷന്‍ റൗണ്ട്എബൗട്ടാക്കി മാറ്റിയതോടെ ഈ റൂട്ടില്‍ യാത്രാ സമയത്തില്‍ 60 ശതമാനം കുറവുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിലെ ഇന്റെര്‍സെക്ഷനാണ് റൗണ്ട്എബൗട്ടാക്കി രൂപാന്തരപ്പെടുത്തിയതെന്നും ഇതോടെ ഈ മേഖലയില്‍ യാത്രസമയത്തില്‍ 60 ശതമാനം കുറവുണ്ടാവുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. തിരക്കുള്ള നേരങ്ങളിലാണ് യാത്രാ സമയത്തില്‍ ഇത്രയും കുറവുണ്ടാവുകയെന്ന് ആര്‍ടിഎ റോഡ്‌സ് ആന്റ് ഫെസിലിറ്റീസ് മെയിന്റെനന്‍സ് മാനേജ്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അലി ലൂത്ത പറഞ്ഞു.
ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ ഒന്നാണ് നാദ് അല്‍ ഷീബ. ഇവിടെ പുതിയ എന്‍ട്രി, എക്‌സിറ്റ് പോയന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെയ്ദാന്‍ സ്ട്രീറ്റില്‍നിന്നും നാദ് അല്‍ ഷീബ സ്ട്രീറ്റിലേക്ക് എത്തുന്ന ദിശയിലാണ് സമയം 60 ശതമാനം കുറക്കുക. എന്‍ട്രി, എക്‌സിറ്റ് മേഖലയില്‍ ശാന്തമായ ഗതാഗതം ഇതിലൂടെ സാധ്യമാവുമെന്നും അബ്ദുല്ല പ്രതീക്ഷ പ്രകടിപ്പിച്ചു.