USA

ലോകത്ത് ഇനി വ്യാപാര യുദ്ധമോ; പണി തുടങ്ങി അമേരിക്ക: ചൈന ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തി

വാഷിങ്‌ടണ്‍: മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10% തീരുവയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% തീരുവയും ചുമത്തുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.

ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. ഏതെങ്കിലും രാജ്യങ്ങൾ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചാല്‍ നിരക്കുകള്‍ വീണ്ടും കൂട്ടുമെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്‍റെ ഖജനാവിലേക്ക് ഫണ്ട് ഒഴുകുന്നതിനും അമേരിക്ക വീണ്ടും സമ്പന്നമായ രാജ്യമായി മാറുന്നതിനുമാണ് തീരുവ വര്‍ധിപ്പിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തീരുവ ചുമത്തുമെന്നത് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് നല്‍കിയ വാഗ്‌ദാനമായിരുന്നു.

വിദേശ രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ നമ്മുടെ പൗരന്മാർക്ക് നികുതി ചുമത്തുന്നതിനു പകരം, നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ മൂന്ന് രാജ്യങ്ങള്‍ക്കെതിരെയും തീരുവ ചുമത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്.

എന്തുകൊണ്ട് ഈ രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുന്നു?

അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും തടയാനാണ് താരിഫുകൾ ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു. കാനഡയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഫെന്‍റനില്‍ വരുന്നതെന്ന് ട്രംപ് ആരോപിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണിത്. ഹെറോയിനേക്കാള്‍ 50 മടങ്ങും മോര്‍ഫിനേക്കാള്‍ 100 മടങ്ങും വീര്യമുള്ളതാണ് ഈ മരുന്ന് ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലേക്ക് വ്യാപകമായി ഈ മരുന്ന് എത്തുന്നുണ്ട്.

ഇനി എന്തു സംഭവിക്കും?

അതേസമയം, തങ്ങള്‍ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡന്‍റ് മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ, പ്രതികരിക്കുമെന്ന് കാനഡയും ചൈനയും മെക്‌സിക്കോയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി ഈ രാജ്യങ്ങള്‍ അമേരിക്കയ്‌ക്ക് എതിരെ തീരുവ ചുമത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സാധ്യതയുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ ചരക്ക്‌ ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് അമേരിക്ക. തീരുവ ചുമത്തുന്നതിലൂടെ രാജ്യത്തിന്‍റെ വരുമാനം കൂട്ടാനാകുമെന്നും ട്രംപ് ഭരണകൂടം കരുതുന്നു. എന്നാല്‍, ട്രംപിന്‍റെ നടപടി ആഗോളതലത്തിൽ പുതിയ വ്യാപാരയുദ്ധത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!