ഇറാനുമായി ദീർഘകാല യുദ്ധത്തിന് ഒരുങ്ങി ഇസ്രായേൽ

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത്, ദീർഘകാല പോരാട്ടത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി ഇറാനിലെ ആണവ ഗവേഷണ കേന്ദ്രത്തിൽ ആക്രമണം നടത്തുകയും മൂന്ന് മുതിർന്ന ഇറാനിയൻ കമാൻഡർമാരെ വധിക്കുകയും ചെയ്തതായി ഇസ്രായേൽ വ്യക്തമാക്കി.
ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ എയാൽ സമിർ, “ദീർഘകാല പോരാട്ടത്തിന്” തയ്യാറെടുക്കാൻ സൈന്യത്തോട് നിർദേശിച്ചതായി ഇസ്രായേൽ സൈനിക വക്താവ് ബ്രിഗ്. ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു. “ഞങ്ങൾ ഇത് അവർക്ക് (ഇറാനു) കൂടുതൽ പ്രയാസകരമാക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന് ഇപ്പോഴും കഴിവുകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനുമായുള്ള സൈനിക നടപടി “ആവശ്യമുള്ളിടത്തോളം കാലം” തുടരുമെന്ന് പ്രസ്താവിച്ചിരുന്നു. ഇറാനിലെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ ശേഖരവും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും ഇസ്രായേലും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുകയാണ്. ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ നീക്കം. ഇറാനിലെ ആണവ പദ്ധതി തകർക്കുക എന്ന ഇസ്രായേലിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇസ്ഫഹാനിലെ ആക്രമണം നടന്നത്. അതേസമയം, ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ അവകാശപ്പെട്ടു.
അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഈ നീക്കം. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും, ട്രംപ് ഭരണകൂടം ഇസ്രായേലിന്റെ സൈനിക നടപടിയിൽ പങ്കുചേർന്നാൽ ചെങ്കടലിൽ യുഎസ് കപ്പലുകൾക്കെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു.