മലപ്പുറം പോലീസിലെ കൂട്ടസ്ഥലം മാറ്റം അൻവറിനെ തണുപ്പിക്കാനുള്ള നീക്കമെന്ന് സൂചന
മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയെ അടക്കം ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം നൽകിയത് പിവി അൻവറെ തണുപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമമെന്ന് സംശയം. അൻവറിന്റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്
എസ് പിയെയും 16 ഡിവൈഎസ്പിമാരെയും അടക്കം കൂട്ട സ്ഥലംമാറ്റമാണ് മലപ്പുറം പോലീസിൽ സർക്കാർ നടത്തിയത്. എസ് പി എസ് ശശിധരനെതിരെ കുറഞ്ഞ പരാതി മാത്രമായിരുന്നു അൻവറിനുണ്ടായിരുന്നത്. തന്റെ പാർക്കിലെ ടൺ കണക്കിന് ഭാരമുള്ള ഇരുമ്പ് റോപ്പ് രാത്രിയിൽ മോഷണം പോയതിൽ പരാതി നൽകിയിട്ടും അന്വേഷിക്കാൻ പോലീസ് തയ്യാറായില്ലെന്നായിരുന്നു എസ്പിക്കെതിരായ പരാതി
പോലീസ് ക്വാർട്ടേഴ്‌സിൽ മരം മുറി നേരിട്ട് പരിശോധിക്കാനെത്തിയ അൻവറിനെ അകത്ത് കയറ്റാതെ തടഞ്ഞതും എസ് പിക്കെതിരായ അനിഷ്ടത്തിന് കാരണമായിരുന്നു. ഇതെല്ലാമാണ് എസ് ശശിധരനെ മാറ്റാൻ കാരണം. അതേസമയം അജിത് കുമാറിനെതിരെ നടപടി വൈകുന്നത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്.