വെടിവെച്ചു കൊന്നത് യുഡിഎഫാണ്; അവർ രക്തസാക്ഷികളുടെ വക്താക്കൾ ചമയേണ്ടെന്ന് എംവി ഗോവിന്ദൻ

ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് ഉണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കൂത്തുപറമ്പിൽ വെടിവെച്ചു കൊന്നത് യുഡിഎഫാണ്. അവരാണിപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നത്. റവാഡ ചന്ദ്രശേഖർക്ക് വെടിവെപ്പിൽ പങ്കില്ലെന്ന് കോടതിയും കമ്മീഷനും ചൂണ്ടിക്കാട്ടിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർക്കാർ ഭരണഘടനാപരമായ കാര്യമാണ് നിർവഹിച്ചത്. ബോധപൂർവം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഡിജിപി നിയമനം വിവാദമാക്കുന്നത്. പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരേക്കാൾ സ്വീകാര്യനായതു കൊണ്ടാകും റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത്. സർക്കാരിന് അതിന്റേതായ മാനദണ്ഡമുണ്ട്
ഡിജിപിയെ നിയമിക്കുന്നതിൽ പാർട്ടി ക്ലീൻ ചിറ്റ് നൽകേണ്ട കാര്യമില്ല. രക്തസാക്ഷികളെ കൊന്നവർ അവരുടെ വക്താക്കളാകണ്ട. യുഡിഎഫിന്റെ ഭരണത്തിലാണ് ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊന്നത്. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി ജയരാജൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. താൻ പറഞ്ഞത് തന്നെയാണ് ജയരാജനും പറഞ്ഞതെന്ന് ഗോവിന്ദൻ പറഞ്ഞു.