Kerala

മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്ന് വിളിപ്പിച്ചത് അങ്ങേരുതന്നെ… ബാക്കിയെല്ലാം കഥ; ശ്രീനിവാസന്റെ വാക്കുകള്‍ വൈറല്‍

കൊച്ചി: തന്റെ എഴുപത്തിമൂന്നാം വയസ്സിലും പരകായ പ്രവേശനത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ ശ്രീനിവാസന്‍ പറഞ്ഞ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ തരംഗം. തന്നെ മെഗാസ്റ്റാര്‍ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ദുബൈയിലെ മാധ്യമങ്ങളാണെന്നും പിന്നീട് എല്ലാവരും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും മമ്മൂക്ക തന്നെ പല അവസരങ്ങളില്‍ പറഞ്ഞതിന് ശ്രീനിവാസന്‍ നല്‍കിയിരിക്കുന്ന തിരുത്താണ് വൈറാലാവുന്നത്.

‘ദുബൈയിലേക്കു 1987ലാണ് ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ഞാന്‍ പോകുന്നത്. അന്നവര്‍ എനിക്കൊരു വിശേഷണം തന്നു. ‘ദി മെഗാസ്റ്റാര്‍’. ദുബൈ മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയില്‍ നിന്നുള്ള ആരുമല്ല. ഞാന്‍ ദുബൈയിയില്‍ എത്തിയപ്പോള്‍ അവരെഴുതി, ‘മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബൈയില്‍ എത്തുന്നു’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്. ആളുകള്‍ തന്നെ മമ്മൂക്ക എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു. അതെല്ലാമാണ് ശ്രീനിവാസന്‍ ഒറ്റയിടിക്ക് തിരുത്തുന്നത്.

മമ്മൂട്ടിയെ മെഗാസ്റ്റാര്‍ എന്ന് ആദ്യം വിളിച്ചത് മമ്മൂട്ടി തന്നെയാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ‘ദുബൈയില്‍ ഞങ്ങള്‍ അന്ന് ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാന്‍ കേട്ടതാണ്. സ്റ്റേജിലേക്ക് വിളിക്കുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവൂ എന്ന്’ എന്നാണ് ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്.

ബാലയുടെ പുതിയ സിനിമയുടെ ടെറ്റില്‍ ലോഞ്ചില്‍ വച്ചായിരുന്നു ശ്രീനിവാസന്‍ ആ പഴയകഥ പങ്കുവച്ചതും അതിപ്പോള്‍ ഏറെ വൈറലായി മാറിയിരിക്കുന്നതും. എന്തായാലും മമ്മൂട്ടി എന്തെങ്കിലും ഇതിനോട് പ്രതികരിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Related Articles

Back to top button