സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്: തുലാവർഷ കെടുതിയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുള്ളതാണ് നിലവിലെ മഴയ്ക്ക് കാരണം.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. വയനാട്ടിൽ മിക്കയിടങ്ങളിലും കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം നിർദേശം നൽകി.
2024 നവംബർ മൂന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അറിയിപ്പ്.