ഒമാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പിന്തുണച്ച് ജയ് ശ്രീറാം വിളിച്ച് മസ്‌കത്തില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും മുദ്രാവാക്യം വിളിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കെതിരെയുമാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുന്ന ഒമാന്‍ സര്‍ക്കാറിനെയും പോലീസ് സംവിധാനങ്ങളെയും നോക്കുകുത്തിയാക്കുന്ന നടപടിയാണ് സാമൂഹിക പ്രവര്‍ത്തകരെന്ന് പറയുന്നവരില്‍ നിന്നുണ്ടായതെന്നും ഇന്ത്യക്കാരെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരുന്ന രീതിയാണ് ഈ വിവാദം കൊണ്ടുണ്ടായതെന്നും ഒമാനിലെ പ്രവാസികള്‍ അഭിപ്രായപ്പെടുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഒന്നാം സ്ഥാനത്തെത്തിയില്ലെങ്കിലും സംഘ്പരിവാര്‍ ആശയക്കാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ആഘോഷ പ്രകടനം നടന്നത്. 550 വോട്ട് നേടിയ ദാമോദര്‍ കാട്ടിയെന്ന ഉത്തരേന്ത്യക്കാരനും 440 നവോട്ട് നേടിയ കൃഷ്‌ണേന്ദുവെന്ന മലയാളിക്കുമായി നടന്ന ആഹ്ലാദ പ്രകടനമാണ് വിവാദമായത്.
ജയ്ശ്രീറാം വിളിച്ച് നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഒമാന്‍ സ്വദേശികളായ അറബികള്‍ തന്നെയായിരുന്നു ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ഇസ്ലാമിക രാജ്യമായ ഒമാനില്‍ ഈ വിധത്തില്‍ ആഹ്ലാദ പ്രകടനം നടന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഒമാനികളുടെ വിമര്‍ശനം.
സംഭവത്തില്‍ സ്വദേശികള്‍ തന്നെ ഒമാന്‍ അധികാരിള്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂളിലെ രക്ഷിതാക്കളും എത്തിയിട്ടുണ്ട്.