കിഫ്ബി റോഡിൽ ടോൾ പിരിച്ചാൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് കെ സുധാകരൻ
കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോൾ പിരിവുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ധന സെസും മോട്ടോർ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നത്
റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും കാലം സമരം ചെയ്തവരാണ് സിപിഎമ്മുകാർ. ടോൾരഹിത റോഡുകളെന്നതായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ വാഗ്ദാനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകൾ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം
കിഫ്ബി പദ്ധതികളുടെ കരാറുകൾ പലതും ദുരൂഹമാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയതും വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകൾ വിറ്റതടക്കം പ്രതിസന്ധി സൃഷ്ടിച്ചെന്നും സുധാകരൻ ആരോപിച്ചു.