Kerala

പാലക്കാട് ബി ജെ പി ജയിക്കും; യു ഡി എഫ് മൂന്നാം സ്ഥാനത്ത്; കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയിട്ട് മലയാളികള്‍

സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്ന് കമന്റ്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം കഴിഞ്ഞതിന് പിന്നാലെ കെ സുരേന്ദ്രന്റെ എക്‌സിറ്റ് പോള്‍. ഫേസ്ബുക്കില്‍ ചിരിപടര്‍ത്തിയ രണ്ട് വരി കമന്റാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം ചര്‍ച്ചയാകുന്നത്.

പാലക്കാട് ഇത്തവണ എന്‍ഡിഎ ജയിക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പിന്തുണച്ചും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചും പരിഹാസത്തോടെയുമാണ് ഇതിന് താഴെയുള്ള കമന്റുകള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ വിജയിപ്പിക്കുക എന്ന ഇവിഎം ചിത്രം ഉള്‍പ്പെടുത്തിയുള്ള ബിജെപിയുടെ കാര്‍ഡ് പങ്കുവച്ചാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒന്നാം സ്ഥാനത്ത് എന്‍ഡിഎ എത്തുമെന്ന് മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

‘വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍. ഡി. എ യ്ക്ക്. മൂന്നാം സ്ഥാനത്ത് യു. ഡി. എഫ്…’ ഇതായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. ഇതാണ് കടുത്ത ഭാഷയിലുള്ള കമന്റുകള്‍ക്ക് കാരണമായത്. യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫിന് വേണ്ടി സിപിഎം സ്വതന്ത്രനായി ഡോ. പി സരിന്‍, എന്‍ഡിഎക്ക് വേണ്ടി ബിജെപിയുടെ കൃഷ്ണകുമാര്‍ എന്നിവരാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.

യു ഡി എഫ് സ്ഥാനാര്‍ഥിക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യാപകമായി വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് യു ഡി എഫ് മൂന്നാം സ്ഥാനത്തെത്തുമെന്ന സുരേന്ദ്രന്റെ പോസ്റ്റ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലായിരുന്നു ജയിച്ചത്. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ മെട്രോമാന്‍ ഇ ശ്രീധരന്‍ യുഡിഎഫിനെ ശരിക്കും വിറപ്പിച്ചെങ്കിലും എല്‍ ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി ജെ പി അന്ന് രണ്ടാം സ്ഥാനത്തേക്കെത്തിയിരുന്നു.

എന്നാല്‍ ശ്രീധരന് കിട്ടിയ ജനപിന്തുണ പാലക്കാട് കൃഷ്ണകുമാറിന് ലഭിച്ചിട്ടില്ല. ഈ ആശ്വാസമാണ് യുഡിഎഫിന്. കാടിളക്കിയുള്ള പ്രചാരണത്തിന് പകരം വീടുകള്‍ കയറിയും ആര്‍എസ്എസ് പിന്തുണയോടെയും ഓരോ വോട്ടും ഉറപ്പിക്കുകയാണ് ഇത്തവണ ബിജെപി ചെയ്തത്.

കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ ജയ് ശ്രീരാം, ബി ജെ പി തന്നെ ജയിക്കും എന്നിങ്ങനെയുള്ള കമന്റുകള്‍ നിരവധി വന്നിട്ടുണ്ട്. എന്നാല്‍, സുരേന്ദ്രനെ പൊങ്കാലയിടുന്ന നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

”സ്‌ക്രീന്‍ഷോട്ട് എടുത്തുവച്ചിട്ടുണ്ട്, അതിമോഹമാണ് സുരേന്ദ്രാ, 23ന് പറയാം ട്ടാ…, രണ്ടാം സ്ഥാനത്ത് കമ്മിയെ കൊണ്ടുവരാനുള്ള ആ സ്നേഹം കാണാതെ പോകരുത്, കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി…” തുടങ്ങി നിരവധി കമന്റുകളുമുണ്ട്.

Related Articles

Back to top button
error: Content is protected !!