കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ കലാകേരളം; പോസ്റ്റ്‌മോർട്ടം രാവിലെ

നടൻ കലാഭവൻ നവാസിന് അന്താഞ്ജലി അർപ്പിച്ച് കലാ കേരളം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കി പത്ത് മണിയോടെ പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന് ആലുവ ചൂണ്ടിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും
വസതയിൽ ബന്ധുമിത്രാദികൾക്ക് മാത്രമായിരിക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകുക. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ഭൗതിക ശരീരം എത്തിക്കും. അഞ്ച് മണിയോടെ സംസ്‌കാരം നടക്കും
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ മരിച്ച നിലയിൽ കണ്ടത്. ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. റൂം ബോയി ആണ് നവാസിനെ നിലച്ച് വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് പോകുമ്പോൾ ജീവനുണ്ടായിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു
മലയാളികളെ ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയ അതുല്യ കലാകാരനായിരന്നു നവാസ്. മിമിക്രിയിലൂടെ തുടങ്ങി അനവധി സിനിമകളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചിരുന്നു. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, ജൂനിയർ മാൻഡ്രേക്ക്, മായാജാലം, മൈ ഡിയർ കരടി, ചട്ടമ്പിനാട്, മേരാ നാം ഷാജി, ഡിറ്റക്ടീവ് ഉജ്ജ്വലൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടി രഹ്നയാണ് ഭാര്യ