തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു
നെഞ്ച് വേദന വന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല
കൂത്താട്ടുകുളം നഗരസഭയില്‍ സി പി എമ്മിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടിക്കെതിരെ നിലപാടെടുക്കുമെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കൗണ്‍സിലര്‍ കല രാജു. സംഭവത്തില്‍ മകളുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിരിക്കെയാണ് വെളിപ്പെടുത്തല്‍. കലയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി പി എം നേതാക്കളുടെ വിശദീകരണത്തിന് പിന്നാലെയാണ് ആശുപത്രിയില്‍ കഴിയുന്ന കല രാജുവിന്റെ വെളിപ്പെടുത്തല്‍.
ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്നും കാറിന്റെ ഡോറില്‍ കാല് കുടുങ്ങിയപ്പോള്‍ ആ കാല് അങ്ങ് വെട്ടിമാറ്റിത്തരാമെന്ന് സി പി എം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കല വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് കലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
പാര്‍ട്ടി ഓഫീസില്‍ പാര്‍പ്പിച്ച സമയത്തും മോശം പെരുമാറ്റമാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്. നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ ഗുളിക തന്നു. ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞിട്ടും കൊണ്ടുപോയില്ല. കല വ്യക്തമാക്കി.