കല്യാണിയുടെ കൊലപാതകം; അമ്മ സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

കൊച്ചി: മൂന്ന് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ കുഞ്ഞിന്റെ അച്ഛൻ സുഭാഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തന്റെ ഭാര്യ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സുഭാഷ് പോലീസിനോട് പറഞ്ഞു. ഇതിനുമുമ്പും സന്ധ്യ കുട്ടിയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് സുഭാഷ് പോലീസിന് മൊഴി നൽകി. നേരത്തെ, സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വാദവുമായി സന്ധ്യയുടെ വീട്ടുകാർ രംഗത്തുവന്നിരുന്നു. എന്നാൽ ഈ വാദം പൂർണമായി തള്ളുകയാണ് സുഭാഷ്.
അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. നിലവിൽ പതിനാല് ദിവസത്തെ റിമാൻഡിൽ തുടരുകയാണ് സന്ധ്യ. സന്ധ്യ കല്യാണിയെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി ആണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സന്ധ്യയുടെ ബന്ധുക്കളെയും ചോദ്യം ചെയ്യും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നു വയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിൽ എറിഞ്ഞുകൊന്നത്.കുട്ടിയെ അമ്മ അങ്കണവാടിയിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയും കുഞ്ഞും ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രാത്രി ഏഴ് മണിയോടെ അമ്മ വീട്ടിൽ മടങ്ങി എത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല.
പോലീസ് ചോദ്യം ചെയ്തപ്പോൾ മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് ആദ്യം സന്ധ്യ പറഞ്ഞത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലിൽ പതിഞ്ഞു കിടക്കുന്ന നിലയിൽ പുലർച്ചെ 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്നെന്ന് അമ്മ സന്ധ്യ പോലീസിനോട് സമ്മതിക്കുകയായിരുന്നു.എന്തിന് കൊന്നുവെന്ന പോലീസ് ചോദ്യത്തിന് ‘ഞാൻ കൊന്നു’വെന്ന് ഭാവഭേദമില്ലാതെയായിരുന്നു സന്ധ്യയുടെ മറുപടി.