കമൽഹാസൻ രാജ്യസഭയിലേക്ക്; ഡിഎംകെ പിന്തുണയോടെ നിർണായക രാഷ്ട്രീയ ചുവടുവെപ്പ്

നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്. ഡിഎംകെ പിന്തുണയോടെ അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. കമൽഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ രാജ്യസഭാ പ്രവേശനം.
രാജ്യസഭയിൽ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 19-നാണ് നടക്കുക. അന്നുതന്നെ വോട്ടെണ്ണലും നടക്കും. തമിഴ്‌നാട്ടിലെ ആറ് സീറ്റുകളിൽ നാലെണ്ണം ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് ലഭിക്കും. ഇതിൽ ഒരു സീറ്റിലേക്കാണ് കമൽഹാസൻ എത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാൻ കമൽഹാസൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. തുടർന്ന് ഇൻഡ്യാ മുന്നണിക്ക് വേണ്ടി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അദ്ദേഹം പ്രചാരണം നടത്തി. 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് എംഎൻഎമ്മിന് നൽകാമെന്ന ധാരണയിലാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. ഫെബ്രുവരിയിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തി കമൽഹാസനെ ഈ തീരുമാനം അറിയിച്ചിരുന്നു.