KeralaSports

സഞ്ജു മിന്നണം; ഒപ്പം കേരളവും; നാളെ പോരാട്ടം കരുത്തര്‍ തമ്മില്‍

ഗ്രൂപ്പ് ഇയിലെ വീരന്മാര്‍ ആരെന്നറിയാം

അത്ഭുതങ്ങളും അട്ടിമറികളും പുതിയ റെക്കോര്‍ഡുകളും പിറക്കുന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് നാളെ കരുത്തരായ എതിരാളികള്‍. ഏറെ കൊട്ടിയാഘോഷിക്കപ്പെട്ട് ടൂര്‍ണമെന്റിനെത്തിയ മുംബൈയെ മലര്‍ത്തിയടിച്ച സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കേരളത്തിന് നാളെ നേരിടാനുള്ളത് ഗ്രൂപ്പ് ഇയില്‍ മുന്നില്‍ നില്‍ക്കുന്ന ആന്ധ്രയെയാണ്. 16 പോയിന്റുമായി ഇരു ടീമുകളും ഗ്രൂപ്പില്‍ മുന്നിലാണ്. റണ്‍റേറ്റ് പരിഗണിച്ച് ആന്ധ്രയാണിപ്പോള്‍ ഒന്നാം സ്ഥാനത്ത്.

നാല് മത്സരങ്ങളില്‍ തോല്‍വിയറിയാത മുന്നേറിക്കൊണ്ടിരിക്കുന്ന ആന്ധ്രക്ക് കേരളം വിലങ്ങിടുമോയെന്ന് നാളെയറിയാം. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയം നേടിയ കേരളം അടി പതറിയത് മഹാരാഷ്ട്രയോടാണ്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് മഹാരാഷ്ട്ര വിജയിച്ചത്. സര്‍വീസസിനോട് മൂന്ന് വിക്കറ്റ് വിജയം, നാഗാലാന്‍ഡിനോട് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം, മുംബൈയെ 43 റണ്‍സിന് അട്ടിമറിച്ചു, ഗോവയോട് 11 റണ്‍സിന്റെ വിജയം എന്നിങ്ങനെയാണ് കേരളത്തിന്റെ ഇതുവരെയുള്ള പോരാട്ട ചിത്രം.

എന്നാല്‍, നാഗാലാന്‍ഡിനോടും ഗോവയോടും എട്ട് വിക്കറ്റിന്റെ വിജയം മഹാരാഷ്ട്രയോട് 75 റണ്‍സിന്റെ ആധികാരിക ജയം, സര്‍വീസസിനോട് 23 റണ്‍സിന്റെ വിജയം എന്നിങ്ങനെയാണ് ആന്ധ്രയുടെ കുതിപ്പിന്റെ ചിത്രം.

നാളെത്തോടെ കേരളത്തിന്റെ ഗ്രൂപ്പ് മത്സരം അവസാനിക്കും. ആന്ധ്രക്ക് മുംംബൈയോട് കൂടി കളിയുണ്ട്. വ്യാഴാഴ്ചയാണ് ഈ മത്സരം.

നാളത്തെ കളിയില്‍ ആന്ധ്രയോട് ജയിക്കുകയും സര്‍വീസുമായുള്ള നാളത്തെ കളിയില്‍ മുംബൈ തോല്‍ക്കുകയും ആന്ധ്രയെ മുംബൈ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളത്തിന് അടുത്ത റൗണ്ടിലെത്താം. എന്നാല്‍ മുംബൈയെയും കേരളത്തെയും ആന്ധ്ര പരാജയപ്പെടുത്തിയാല്‍ അപരാജിതരായി ആന്ധ്രക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.

ഇങ്ങനെ വന്നാല്‍ കേരളം പുറത്താകും

നാളത്തെ കളിയില്‍ കേരളം തോല്‍ക്കുകയും അടുത്ത രണ്ട് കളിയില്‍ മുംബൈ വിജയിക്കുകയും ചെയ്താല്‍ കേരളം ഗ്രൂപ്പില്‍ നിന്ന് പുറത്താകും. ആന്ധ്രയും മുംബൈയുമാകും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുക.

സഞ്ജു, സല്‍മാന്‍, റോഷന്‍ എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഇവര്‍ തിളങ്ങിയാല്‍ നാളത്തെ മത്സരത്തില്‍ ആന്ധ്രയെ പുഷ്പ്പം പോലെ കേരളത്തിന് മലര്‍ത്തിയടിക്കാം. നാളെ രാവിലെ 11ന് തെലങ്കാനയിലെ സെക്കന്തരാബാദിലാണ് മത്സരം നടക്കുക.

Related Articles

Back to top button
error: Content is protected !!