കന്നഡ നടി ശോഭിത ശിവണ്ണ ജീവനൊടുക്കി; പോലീസ് അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: പ്രശസ്ത കന്നഡ സിനിമാ-സീരിയൽ താരം ശോഭിത ശിവണ്ണ ആത്മഹത്യ ചെയ്തു. ഗച്ചിബൗളി ശ്രീറാം നഗർ കോളനിയിലെ സിബ്ലോക്കിലെ വീട്ടിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്. ശോഭിതയുടെ മരണവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഗച്ചിബൗളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
കന്നഡ സിനിമകളിലൂടെ ചലച്ചിത്ര മേഖലയിൽ എത്തിച്ചേർന്ന നടി തെലുങ്ക് സിനിമകളിലും സജീവ സാന്നിധ്യമാണ്. ‘എറിയോണ്ട്ല തൂ’, ‘എടിഎം’, ‘ഒന്ന് കഥേ ഹേല’, ‘ജാക്ക്പോട്ട്’, ‘അപ്പാർട്ട്മെൻ്റ് ടു മർഡർ’, ‘വന്ദന’ എന്നീ സിനിമകളിൽ നടി അഭിനയിച്ചു. കൂടാതെ, ‘ബ്രഹ്മഗന്തു’, ‘നിനിദാലെ’ എന്നീ ടിവി സീരിയലുകളിലും വേഷമിട്ടു. ഇപ്പോൾ തെലുങ്ക് സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച വരികയായിരുന്നു.
കഴിഞ്ഞ വർഷമായിരുന്നു നടിയുടെ വിവാഹം. ഭർത്താവ് സുധീറിനൊപ്പം ശ്രീരാംനഗർ കോളനിയിലാണ് നടിയുടെ താമസം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരത്തിന്റെ ആത്മഹത്യാ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബാംഗ്ലൂരിലേക്ക് മാറ്റും. സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ അവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി