കണ്ണൂർ കൈതപ്രത്തെ കൊലപാതകം ആസൂത്രിതം; പിന്നിൽ കുടുംബപ്രശ്‌നമെന്ന് പ്രതി

കണ്ണൂർ മാതമംഗലം കൈതപ്രത്ത് മധ്യവയസ്‌കനെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതി സന്തോഷ് കുമാർ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണം കുടുംബപ്രശ്‌നങ്ങളാണെന്നാണ് വിവരം. കൈതപത്രം സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ രാധാകൃഷ്ണനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് ഇയാളുടെ വീട്ടിലെത്തിയിരുന്നു. രാവിലെ കൊലപാതകം നടത്താൻ കഴിയാതെ വന്നതോടെ തിരിച്ചുപോയ സന്തോഷ് വൈകിട്ട് തോക്കുമായി മടങ്ങി എത്തുകയായിരുന്നു. ഇതിന് മുമ്പ് ഫേസ്ബുക്കിൽ തോക്കുമായി നിൽക്കുന്ന ചിത്രവും ഭീഷണി സന്ദേശവും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു
വൈകിട്ട് നിർമാണം നടക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണന്റെ നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തന്നെ നിന്ന സന്തോഷിനെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാട്ടുപന്നികളെ വെടിവെക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്.