Kerala
ബീച്ച് ആശുപത്രിയിൽ വെച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ

കോഴിക്കോട് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ. മുഖദാർ സ്വദേശി അജ്മൽ ബിലാൽ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ബീച്ച് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മൽ ബിലാൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ അജ്മലിന് ഒരു വർഷത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാൻ അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വൈദ്യ പരിശോധനയ്ക്കായാണ് പോലീസ് അജ്മലിനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചത്. ശുചിമുറിയിൽ കയറിയ അജ്മൽ അതിനുള്ളിലെ ജനൽ ചില്ലുകൾ തകർത്ത് അതിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.