കാരണവര്‍ വധക്കേസ് പ്രതി ഷെറിനും ഡിഐജിയും തമ്മില്‍ വഴിവിട്ട ബന്ധം; വെളിപ്പെടുത്തലുമായി സഹതടവുകാരി
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ഡിഐജിക്കും കാരണവര്‍ വധക്കേസ് പ്രതി ഷെറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതടവുകാരി. ഡിഐജിയും ഷെറിനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് മറ്റ് തടവുകാര്‍ ലഭിച്ചിരുന്നതിനേക്കാള്‍ സൗകര്യങ്ങള്‍ ജയിലില്‍ ലഭിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
“ഷെറിന് എന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു. അവര്‍ മറ്റ് തടവുകാരെ പോലെ ക്യൂ നിന്ന് ഭക്ഷണം വാങ്ങിക്കില്ല. അവര്‍ക്ക് മൂന്ന് നേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ സ്റ്റാഫുകള്‍ പുറമെ നിന്ന് വാങ്ങികൊടുക്കും. അവര്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മറ്റ് ജയില്‍ പുള്ളികള്‍ ധരിക്കുന്ന വസ്ത്രമായിരുന്നില്ല അവര്‍ ധരിച്ചിരുന്നത്. അവര്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങള്‍ പുറമെ നിന്ന് തയ്പ്പിച്ച് കൊണ്ടുവന്നിട്ടാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ കോസ്മെറ്റിക്സ് സാധനങ്ങളെല്ലാം അവര്‍ക്ക് ഉപയോഗിക്കാമായിരുന്നു. സ്വന്തമായി പായ ബെഡ്ഷീറ്റ് വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങളെല്ലാം ഷെറിന് ഉണ്ടായിരുന്നു.
ഇതെല്ലാം സൂചിപ്പിച്ച് ഞാന്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ബ്ലൂ ബ്ലാക്കമെയിലിങ് കേസിലെ ബിന്ദ്യ തോമസ് അവിടെ ഉണ്ടായിരുന്നു.തന്റെ ഫോണ്‍ ബിന്ദ്യ തോമസിന് കോള്‍ ചെയ്യാനായി ഷെറിന് കൊടുത്തു. ആ സമയത്ത് ഞാനത് പിടിച്ചു വാങ്ങിച്ചു. അതിലെ വിവരങ്ങളെല്ലാം എടുത്ത് സൂപ്രണ്ടിന് പരാതി കൊടുത്തു. അപ്പോഴും നടപടിയുണ്ടായില്ല. ഞാന്‍ ഒരു മാധ്യമത്തിന് എല്ലാ വിവരങ്ങളും കൈമാറി, ഇതോടെ സൂപ്രണ്ട് എന്നെ വിളിച്ച് വല്ലാതെ ദേഷ്യപ്പെട്ടു. പരാതിയില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നില്ല അന്ന് അവര്‍ക്ക് അറിയേണ്ടിയിരുന്നത്, ഏത് സ്റ്റാഫാണ് പരാതി നല്കാന് എന്നെ സഹായിച്ചതെന്ന് ആയിരുന്നു.
പിറ്റേദിവസം ഡിഐജി ഉള്‍പ്പെടെ എന്നെ ചോദ്യം ചെയ്തു. ഡിഐജി ഷെറിനെ എപ്പോഴും കാണാന്‍ വരാറുണ്ട്. 7 മണിക്കൊക്കെ ഷെറിനെ ലോക്കപ്പില്‍ നിന്ന് ഇറക്കിയാല്‍ ഒന്നര രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ചുവിടാറുള്ളത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ഞാന്‍ വീണ്ടും വീണ്ടും വിവരാവകാശ നിയമപ്രകാരം മുന്നോട്ടുപോയപ്പോള്‍ ഷെറിനം വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. എന്നാല്‍ അവിടെയും സൗകര്യങ്ങള്‍ ലഭിച്ചിരുന്നു. അവള്‍ക്ക് വെയില് കൊള്ളാതിരിക്കാന്‍ വേണ്ടി, ജയില്‍ ഡോക്ടര്‍ കുട വരെ എഴുതി കൊടുത്തു,” സഹതടവുകാരി പറഞ്ഞു.