വിജയ് ഹസാരെ ട്രോഫി: മലയാളി താരം ദേവദത്ത് പടിക്കലിന്റെ കരുത്തില്‍ കര്‍ണാടക ഫൈനലില്‍
ഹരിയാനക്കെതിരെ അഞ്ച് വിക്കറ്റ് വിജയം
കരുത്തരായ ഹരിയാനയെ തറപറ്റിച്ച് വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകക്ക് മിന്നും വിജയം. അഞ്ച് വിക്കറ്റിന്റെ ആധികാരിക വിജയത്തിലേക്ക് ടീമിനെ നയിച്ചത് കര്‍ണാടകയുടെ ഓപ്പണര്‍ താരവും മലയാളിയുമായ ദേവദത്ത് പടിക്കലിന്റെ മികച്ച ഇന്നിംഗ്സ്.
എട്ട് ഫോറും ഒരു സിക്സുമടക്കം 113 പന്തില്‍ നിന്ന് 86 റണ്‍സ് എടുത്ത് ക്രീസില്‍ ദേവദത്ത് പടിക്കല്‍ ഉറച്ച് നിന്നതോടെ ഹരിയാനയുടെ ബോളര്‍മാരുടെ ആത്മവിശ്വാസം ചോര്‍ന്നു. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയെ 16 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കര്‍ണാടക പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഹരിയാനയെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സിന് കര്‍ണാടകയുടെ ബോളര്‍മാര്‍ വരിഞ്ഞുമുറിക്കി. ക്യാപ്റ്റന്‍ അങ്കിത് രാജേഷ് കുമാറും (48), ഓപ്പണര്‍ ഹിമാന്‍ഷു റാണയും (44) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പത്ത് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് കൊയ്തെടുത്ത അഭിലാഷ് ഷെട്ടിയാണ് കര്‍ണാടകയുടെ ബോളര്‍മാരില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകയുടെ ആദ്യ വിക്കറ്റ് മൂന്നാം ബോളില്‍ നഷ്ടമായെങ്കിലും പടിക്കല്‍ ഉറച്ചു നിന്നു. 40ാം ഓവറില്‍ പടിക്കലിന്റെ വിക്കറ്റ് പോകുമ്പോള്‍ ടീമിന്റെ സ്കോര്‍ മൂന്നിന് 194 എന്ന നിലയിലായിരുന്നു. 76 റണ്‍സുമായി രവിചന്ദ്രന്‍ തിളങ്ങിയതോടെ ടീമിന് അനായാസ വിജയം കൈവരിക്കാനായി.