കാസർകോട് രാജപുരം രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കാസർകോട് രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെൺകുട്ടി എം സി രേഷ്മയുടെ(17) തിരോധാനക്കേസിൽ 15 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസാണ് അറസ്റ്റിലായത്. രേഷ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് ബിജു നേരത്തെ മൊഴി നൽകിയിരുന്നുവെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.
ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിക്കുകയും ഡിഎൻഎ പരിശോധനയിൽ അത് രേഷ്മയുടേതാണെന്ന് തെളിയുകയുമായിരുന്നു. വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് ഔദ്യോഗിക വിശദീകരണം ഉടൻ വരും. 2010 ജൂൺ 26നാണ് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലനത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്.
പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. തുടക്കം മുതലെ ബിജു പൗലോസിനെ സംശയമുണ്ടായിരുന്നു. ബിജുവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതെന്ന് ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. 2024 ഡിസംബറിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.