കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ; സഹകരണ സൊസൈറ്റി ജീവനക്കാർക്ക് സസ്‌പെൻഷൻ
കട്ടപ്പന സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്
അതേസമയം യഥാർഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി സിപിഎം നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നു. സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും കേസിൽ ആരോപണവിധേയർക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. അതേസമയം ജീവനക്കാരിൽ നിന്നുള്ള മൊഴിയെടുപ്പ് തുടരുകയാണ്
സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. സൊസൈറ്റിയിലെ സിസിടിവിയും സാബുവിന്റെ മൊബൈൽ ഫോണും മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം.