KeralaMovies

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങുന്നത് മലയാള സിനിമയുടെ അമ്മമുഖം

എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടി

കൊച്ചി: മലയാള സിനിമയിൽ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്.

ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്

മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നാലുതവണ (1971, 1972, 1973, 1994) കവിയൂര്‍ പൊന്നമ്മക്ക് ലഭിച്ചു. 1945 സെപ്റ്റംബർ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തി.

14-ാമത്തെ വയസ്സിൽ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായി കണ്ടിരുന്നത്.

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.

1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് മികച്ച ജോടികളായി ശ്രദ്ധനേടി. നെല്ല് (1974)എന്ന ചിത്രത്തിൽ സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

തീർത്ഥയാത്രയിലെ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനവും പൊന്നമ്മ പാടി. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിൽ പിറന്നവയാണ്.

മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Related Articles

Back to top button