കായംകുളത്തെ വീട്ടമ്മയുടെ തൂങ്ങിമരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കായംകുളത്ത് വാടക വീട്ടിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കാപ്പിൽമേക്ക് ശ്രീനിലയം വീട്ടിൽ ശ്രീവത്സൻ പിള്ളയാണ്(58) അറസ്റ്റിലായത്. ശ്രീവത്സൻ പിള്ളയെ പോലീസ് ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു
കൃഷ്ണപുരം പുള്ളിക്കണക്ക് പത്മവിലാസം വീട്ടിൽ രാജേശ്വരിയമ്മയാണ്(48) മരിച്ചത്. അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടത്. വിശദമായ അന്വേഷണത്തിലാണ് രാജേശ്വരിയമ്മയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്
സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. രാജേശ്വരിയമ്മ മരിച്ച ശേഷം താനും മരിക്കുമെന്ന് ശ്രീവത്സൻ വിശ്വസിപ്പിച്ചു. തുടർന്ന് അടുക്കളയുടെ മേൽക്കൂരയിൽ സാരിയിൽ കുരുക്കിട്ടു. രാജേശ്വരിയെ സ്റ്റൂളിൽ കയറ്റി നിർത്തി കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം ഇയാൾ സ്റ്റൂൾ എടുത്ത് മാറ്റുകയായിരുന്നു
മരണം ഉറപ്പാക്കിയ ശേഷം ശ്രീവത്സൻ സ്‌കൂട്ടറിൽ ഇവിടെ നിന്നു പോയി. പിന്നീട് വെട്ടിക്കോട് ഷാപ്പിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.