Sports

അവസാനം കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്; ജയിച്ച കളി കൈവിട്ടു

അട്ടിമറിക്കരികില്‍ അടിപതറി

ഐ എസ് എല്ലില്‍ മോഹന്‍ ബഗാനെ അട്ടിമറിച്ച് ആകസ്മിക വിജയം നേടാനുള്ള സുന്ദരാവസരം നഷ്ടപ്പെടുത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 85ാം മിനുട്ടുവരെ ജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ വല നിറച്ച ബഗാന്‍ മഞ്ഞപ്പടയുടെ കണ്ണു നിറച്ചു. 85ാം മിനുട്ടുവരെ 2 – 1ന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ് പത്ത് മിനുട്ടിനുള്ളില്‍ 3-2ന് പരാജയപ്പെട്ടു.

ജാമി മക്ലാരന്‍ (33ാം മിനിറ്റ്), ജേസണ്‍ കമ്മിന്‍സ് (86), ആല്‍ബര്‍ട്ടോ റോഡ്രിഗസ് (90+5) എന്നിവരാണ് ബഗാന്റെ സ്‌കോറര്‍മാര്‍. ഹെസൂസ് ജിമനെസും (51) മിലോസ് ഡ്രിന്‍സിച്ചുമാണ് (77) മഞ്ഞപ്പടയ്ക്കായി ലക്ഷ്യം കണ്ടത്. ഈ ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബഗാന്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മികച്ച പെര്‍ഫോമന്‍സിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ ലീഡ് നേടി കളിയില്‍ മുന്‍തൂക്കം നേടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഇതിനായി അഗ്രസീവ് ഫുട്ബോള്‍ അവര്‍ പുറത്തെടുക്കുകയും ചെയ്തു.

എന്നാല്‍, ജയിക്കുമെന്ന് ഉറപ്പായതോടെ പ്രതിരോധ നിര നേരിയ തോതില്‍ ഒന്ന് ഇടറി കളിച്ചു. ഇത് കൃത്യമായി മുതലെടുക്കാന്‍ ബഗാനും സാധിച്ചു. ഇതോടെ തുടരെ തുടരെ രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!