Sports

ഹരിയാനയെ 164 റൺസിന് പുറത്താക്കി കേരളം; 127 റൺസിന്റെ നിർണായകമായ ഒന്നാമിന്നിംഗ്‌സ് ലീഡ്

രഞ്ജി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിന് 127 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 291 റൺസിനെതിരെ ബാറ്റേന്തിയ ഹരിയാന 164 റൺസിന് ഓൾ ഔട്ടായി. ഏഴിന് 139 റൺസ് എന്ന നിലയിലാണ് ഹരിയാന അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്.

29 റൺസുമായി ക്രീസിൽ നിന്ന നിഷാന്ത് സന്ധുവിനെ പുറത്താക്കി ബേസിൽ തമ്പിയാണ് അവസാന ദിനം ഹരിയാനക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. 10 റൺസെടുത്ത അൻഷുൽ കാംബോജിനെ എൻ പി ബേസിൽ പുറത്താക്കി. 12 റൺസെടുത്ത ജെജെ യാദവിനെയും എൻ പി ബേസിൽ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഹരിയാനയുടെ ഇന്നിംഗ്‌സ് അവസാനിച്ചു

കേരളത്തിനായി ബേസിൽ തമ്പിയും എംഡി നിധീഷും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ എൻ പി ബേസിൽ രണ്ട് വിക്കറ്റെടുത്തു. വെളിച്ചക്കുറവും മോശം കാലവസ്ഥയെയും തുടർന്ന് മത്സരത്തിന്റെ ഭൂരിഭാഗം സമയവും നഷ്ടമായപ്പോൾ ഒന്നാമിന്നിംഗ്‌സ് ലീഡ് പിടിച്ചത് കേരളത്തിന് നേട്ടമാണ്

അവസാന ദിനമായ ഇന്ന് മത്സരത്തിൽ ഫലമുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും ലീഡ് നേടാനായത് കേരളത്തിന് പോയിന്റ് സമ്മാനിക്കും. എലൈറ്റ് ഗ്രൂപ്പ് സിയിൽ 19 പോയിന്റുള്ള ഹരിയാന ഒന്നാമതും 15 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തുമാണ്. മത്സരം സമനിലയായാൽ കേരളത്തിന് മൂന്നും ഹരിയാനക്ക് ഒരു പോയിന്റും ലഭിക്കും.

Related Articles

Back to top button