KeralaSports

സഞ്ജു മാത്രമല്ല ക്രിക്കറ്റ് കളിക്കുന്നത്; ഹരിയാനയെ സമനിലയിൽ തളച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ

പോയിന്റ് പട്ടികയില്‍ കേരളം രണ്ടാമത്

കരുത്തരായ ഹരിയാനയെ സമനിലയില്‍ തളച്ച് കേരളം. രഞ്ജി് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ഹരിയാന ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കിയാണ് സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള കേരളാ ടീം ആതിഥേയരെ തളര്‍ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളാ ടീം 291 റണ്‍സിന് അടിയറവ് പറഞ്ഞെങ്കിലും വിജയ പ്രതീക്ഷയില്‍ ക്രീസിലെത്തിയ ഹരിയാനയെ ടീം കേരള എറിഞ്ഞു വീഴ്ത്തി. കേവലം 74.2 ഓവറില്‍ ഹരിയാനയുടെ ഒന്നാം ഇന്നിംഗ്‌സ് 164 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125ന് ഡിക്ലയര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും (62*), സച്ചിന്‍ ബേബിയും (42) മികച്ച പ്രകടനം നടത്തി. സച്ചിന്റെയും അക്ഷയ് ചന്ദ്രന്റെയും (2) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും (16) ആയിരുന്നു ഡിക്ലയര്‍ സമയത്ത് ക്രീസില്‍.

ആദ്യ ഇന്നിംഗ്‌സിലെ പോലെ ഹരിയാനയെ എറിഞ്ഞിടാന്‍ കേരളത്തിന് സാധിച്ചില്ല. 18 ഓവറില്‍ 52 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ഹരിയാനയുടെ ഇന്നിംഗസ് അവസാനിച്ചു. മുഴുവന്‍ വിക്കറ്റ് കൊയ്യാന്‍ കേരളത്തിനും ലക്ഷ്യം മറികടക്കാന്‍ ഹരിയാനക്കും സാധിക്കാതിരുന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

സ്‌കോര്‍: കേരളം-291 & 125/2 (ഡിക്ലയര്‍), ഹരിയാന (164 & 52/2. ഒന്നാം ഇന്നിംഗ്‌സില്‍ 49 റണ്‍സ് വഴങ്ങി പത്തുവിക്കറ്റുകള്‍ പിഴുത ഹരിയാനയുടെ അന്‍ഷുല്‍ കാംബോജ് ആണ് മത്സരത്തിലെ താരം.

രോഹന്‍ കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറി ബലത്തിലാണ് കേരളത്തിന് ഒന്നാം ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായത്.

ഇതോടെ എലൈറ്റ് സി ഗ്രൂപ്പില്‍ അഞ്ച് കളിയില്‍ രണ്ട് വിജയവും മൂന്ന് സമനിലയുമായി കേരളം 18 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 20 പോയിന്റുള്ള ഹരിയാനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ ഒരു വിജയവുമായി 14 പോയിന്റുള്ള ബെംഗാളാണ് മൂന്നാം സ്ഥാനത്ത്. ജനുവരി 23ന് മധ്യപ്രദേശിനോടാണ് കേരളത്തിന്റെ അടുത്ത മത്സരം.

Related Articles

Back to top button