ഭർത്താവിന് ലൈംഗികതയിൽ താല്പര്യമില്ല; ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ലെന്ന് ഹൈക്കോടതി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്നും ആത്മീയത സ്വീകരിക്കാൻ തനിക്ക് നിർബന്ധം ചെലുത്തുന്നതായും ചൂണ്ടിക്കാട്ടി യുവതി നൽകിയ വിവാഹമോചന ഹർജിക്കെതിരെ, ഭർത്താവ് നൽകിയ അപ്പീലിലാണ് ഈ നിരീക്ഷണം. പഠനം അടക്കമുള്ള കാര്യങ്ങൾക്ക് ഭർത്താവ് അനുവദിക്കുന്നില്ലെന്നും ഭർത്താവിന് താൽപര്യം ആത്മീയത മാത്രമാണെന്നും ലൈംഗികതയിൽ താൽപര്യം ഇല്ലെന്നുമാണ് ഭാര്യ ഹർജിയിൽ പറഞ്ഞത്.
എന്നാൽ വിശ്വാസങ്ങളെയോ ആത്മീയതയെയോ പങ്കാളിക്ക് നിയന്ത്രിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭാര്യയെ തനിക്കിഷ്ടമുള്ള ആത്മീയ ജീവിതം സ്വീകരിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭാര്യക്ക് വിവാഹമോചനം നൽകികൊണ്ട് വിധി പുറപ്പെടുവിച്ചത്. മുമ്പ്, യുവതി വിവാഹമോചനം ആവശ്യപ്പെട്ട് മൂവാറ്റുപുഴ കുടുംബ കോടതിയെ സമീപിക്കുകയും അവിടെ നിന്നും വിവാഹമോചനം ലഭിക്കുകയും ചെയ്തിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് കോടതി നിരീക്ഷണം.
2016-ൽ ദമ്പതികൾ വിവാഹിതരാവുകയായിരുന്നു. പല തവണ ഭാര്യ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും ഭർത്താവ് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്ന ഭാര്യയുടെ വാദം കോടതി ശരിവെച്ചതോടെ ഇവർക്ക് വിവാഹമോചനം അനുവദിച്ചു.