Kerala

കേരള പോലീസിന്റെ വെറൈറ്റി ബോധവത്കരണം; ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മെറ്റ് നിര്‍ബന്ധം

ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ പലവിധത്തില്‍ സാധിക്കും. ആളുകള്‍ അവയെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളണം എന്നതിലാണ് കാര്യം. വ്യത്യസ്തങ്ങളായ ആശയങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന വിഭാഗമാണ് കേരള പോലീസ്. വെറൈറ്റി പോസ്റ്റുകളിലൂടെ അല്ലാതെ കേരള പോലീസിന്റെ ബോധവത്കരണ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറില്ല.

ഇപ്പോഴിതാ വെറൈറ്റിയില്‍ ഒട്ടും കുറയാതെ തന്നെ ഹെല്‍മെറ്റ് ധരിക്കുന്നതിന്റെ പ്രാധാന്യം ആളുകളെ ഓര്‍മപ്പെടുത്തികൊണ്ടാണ് കേരള പോലീസ് എത്തിയിരിക്കുന്നത്. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് പോലീസിന്റെ പോസ്റ്റ്.

തലയില്‍ ഹെല്‍മെറ്റ് ധരിച്ചുകൊണ്ട് ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ ചൂണ്ടിക്കാണിച്ച് കൊണ്ട് ‘കളിയും, ജീവനും സേവ് ചെയ്യും ഹെല്‍മറ്റ്. ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം’ എന്നാണ് പോലീസ് മാമന്മാര്‍ കുറിച്ചിരിക്കുന്നത്.

കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ ഫോര്‍വേഡ് ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റില്‍ തട്ടി പന്ത് ബൗണ്‍സ് ചെയ്തതിനെ തുടര്‍ന്ന് സച്ചിന്‍ ബേബിക്ക് ക്യാച്ച് ലഭിച്ചിരുന്നു. എന്നാല്‍ ഇത് മത്സരത്തില്‍ അല്‍പം ആശയകുഴപ്പം സൃഷ്ടിച്ചെങ്കിലും പോലീസുമാമന്മാര്‍ക്ക് ഒട്ടും സംശയമില്ലായിരുന്നു.

ക്രിക്കറ്റ് കളിക്കുമ്പോള്‍ തലയില്‍ ബോളിടിച്ച് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളത് പോലെ തന്നെ റോഡിലുണ്ടാകുന്ന ബൈക്ക് അപകടങ്ങളില്‍ ആളുകള്‍ക്ക് അപകടം സംഭവിക്കുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. തലയും ജീവനും ഹെല്‍മെറ്റ് ഉപയോഗിച്ചുകൊണ്ട് സുരക്ഷിതമാക്കാമെന്ന പോലീസിന്റെ സന്ദേശം ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

https://www.facebook.com/share/v/19wACCWvKA/

ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം വേണോയെന്ന് ചോദിച്ച് കൊണ്ടും പോസ്റ്റിന് താഴെ കമന്റുകളെത്തുന്നുണ്ട്. കേരള പോലീസിന് ബോധവത്കരണത്തിനായി ഇങ്ങനെ ഓരോ കണ്ടന്റുകള്‍ കിട്ടുന്നുണ്ടല്ലോ എന്നാണ് ചിലര്‍ പറയുന്നത്. എപ്പോഴും വെറൈറ്റി പിടിക്കുന്നത് ആശാന്മാരുടെ ഒരു നമ്പര്‍ ആയതുകൊണ്ട് തന്നെ പോസ്റ്റിന് നിറഞ്ഞ കയ്യടി തന്നെയാണ് ലഭിക്കുന്നത്.

ഈ കേസ് അന്വേഷണത്തിന്റെ ഇടയ്ക്കും, ഹെല്‍മറ്റ് വേട്ടയ്ക്ക് ഇടയ്ക്കും ഒക്കെ ഈ ട്രോള്‍ ഉണ്ടാക്കാന്‍ മാമന് എപ്പോഴാണ് സമയം കിട്ടുന്നത്, ഹെല്‍മെറ്റ് ഉള്ളതുകൊണ്ട് ജീവനും, വിക്കറ്റും ഒരുമിച്ച് കിട്ടി, ഇപ്പോഴെങ്കിലും ഹെല്‍മെറ്റ് ഇടുന്നതിന്റെ പ്രാധാന്യം മലയാളിക്ക് മനസിലായിക്കാണും, എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

Related Articles

Back to top button
error: Content is protected !!