മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കേരളം ക്യാപ്റ്റന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു.
20 ഓവറിനിടെ അഞ്ച് വിക്കറ്റുകള്‍ കൊയ്തെടുത്ത കേരളാ ടീം മധ്യപ്രദേശിനെ മുട്ടുവിറപ്പിച്ചു. എം ഡി നിധീഷ് കുമാറിന്റെ തീപ്പാറും ബോളിംഗാണ് കേരളത്തിന് തുണയായത്. 15 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ കൊയ്ത നിധീഷ് പ്രകടനം മികച്ചതാക്കി. ബേസില്‍ തമ്പിയും അദിഥ്യ സര്‍വതെയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. 60.2 ഓവറില്‍ 160 റണ്‍സില്‍ മധ്യപ്രദേശിന്റെ മുഴുവന്‍ വിക്കറ്റുകളും കേരളം കൊയ്തെടുത്തു. മധ്യപ്രദേശിന്റെ ക്യാപ്റ്റന്‍ ശുഭം ശര്‍മയും (54) വെങ്കിടേഷ് അയ്യറും (42) മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 54 റണ്‍സ് എടുത്തിട്ടുണ്ട്. മികച്ച ലീഡ് ഉയര്‍ത്തി ഇന്നിംഗ്സ് ഡിക്ലൈര്‍ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
ഗ്രൂപ് സിയില്‍ 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് നിലവില്‍ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. മധ്യപ്രദേശിനെതിരായ കളി ജയിച്ചാല്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താം.