കേരള സർവകലാശാല പ്രതിസന്ധി: വേണമെങ്കിൽ ഗവർണറെ കാണുമെന്ന് മന്ത്രി, സമവായത്തിന് സർക്കാർ

കേരള സർവകലാശാലയിലെ വിസി-രജിസ്ട്രാർ പോരിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് വേണമെങ്കിൽ ഗവർണറെ കാണും. സ്ഥിരം വിസി നിയമനങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു
വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചു. അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിച്ചു. ആവശ്യമെങ്കിൽ ഗവർണറുമായും സംസാരിക്കും
വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ച് നോക്കട്ടെ. സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ല. വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.