സഞ്ജുവും സല്‍മാനും രോഷനും ആരുമുണ്ടായില്ല. നാണംകെട്ട തോല്‍വിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍. മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ കേരളം ആന്ധ്രയോട് തോറ്റത് ആറ് വിക്കറ്റിനാണ്. പതിവ് പോലെ ഫോം ഔട്ടായ സഞ്ജുവിന് തോല്‍വിയുടെ ആഘാതം കുറക്കാന്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ആന്ധ്രയുടെ കരുത്തരായ ബോളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ കേരളം 18.1 ഓവറില്‍ 87 റണ്‍സിന് തകര്‍ച്ച പൂര്‍ത്തിയാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ആന്ധ്ര കേവലം 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മൂന്നാമനായി ഇറങ്ങിയ ജലജ് സക്‌സേന 27(22), അബ്ദുല്‍ ബാസിത് 18(25), വാലറ്റക്കാരന്‍ എം ഡി നിധീഷ് 14 (13) മാത്രമാണ് കേരളാ ടീമില്‍ രണ്ടക്കം തികച്ചവര്‍. സഞ്ജു ഏഴ്, രോഹന്‍ ഒമ്പത്, സല്‍മാന്‍ മൂന്ന് എന്നിങ്ങനെയാണ് പ്രമുഖ ബാറ്റര്‍മാരുടെ സ്‌കോര്‍. അസ്ഹറുദ്ദീന്‍ ഡക്കാകുകയും ചെയ്തു.
മൂന്ന് വിക്കറ്റ് നേടിയ കെ വി ശശികാന്തും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ സുദര്‍ശന്‍, രാജു, ബോദല കുമാര്‍ എന്നിരാണ് ആന്ധ്രയുടെ വിക്കറ്റ് വേട്ടക്കാര്‍.
ആന്ധ്രയുടെ ഓപ്പണര്‍ ശ്രീകാര്‍ ഭരത് 56 റണ്‍സ് എടുത്തു. അദ്ദേഹമാണ് മാന്‍ ഓഫ് ദി മാച്ച്.
ഇതോടെ ഗ്രൂപ്പ് ഇയില്‍ തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സര്‍വീസസിനെ തോല്‍പ്പിച്ച് മുംബൈ കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മുംബൈയോടാണ് ആന്ധ്രരയുടെ അടുത്ത മത്സരം. ഈ മത്സരമായിരിക്കും കേരളത്തിന്റെ ടൂര്‍ണമെന്റിലെ ഭാവി തീരുമാനിക്കുക. വന്‍ റണ്‍റേറ്റിന് മുംബൈയെ ആന്ധ്ര തകര്‍ക്കുകയാണെങ്കില്‍ മാത്രമാണ് കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ.