തുമ്പ: ദക്ഷിണാഫ്രിക്കയില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ച്വറി അടിച്ച് ഇന്ത്യന്‍ ടീമിനെ വിജയത്തിന്റെ പൊന്‍തൂവലണിയിച്ചപ്പോള്‍ ഇങ്ങ് കേരളത്തിലെ തുമ്പയില്‍ കേരളത്തിന്റെ സഹതാരങ്ങള്‍ ഉത്തര്‍ പ്രദേശിനെ മലര്‍ത്തിയടിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ 116 റണ്‍സിന് ഉത്തര്‍ പ്രദേശിനെ എറിഞ്ഞു വീഴ്ത്തിയ കേരളം 117 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി. ഇന്നിംഗ്സ് വിജയവും കേരളം നേടി. ആദ്യ ഇന്നിംഗ്‌സില്‍ 162 റണ്‍സ് നേടിയ ഉത്തര്‍ പ്രദേശിനെ 395 റണ്‍സ് നേടി കേരളം ഞെട്ടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഉത്തര്‍ പ്രദേശ് 116ല്‍ ഒതുങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്റെ വിജയ ശില്‍പ്പി. രണ്ടാം ഇന്നിംഗ്‌സില്‍ ആആറ് വിക്കറ്റാണ് താരം കൊയ്‌തെടുത്തത്. ആദിത്യ സര്‍വത്രെ മൂന്ന് വിക്കറ്റും ആസിഫ് ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഇരുവരും ഓരോ വിക്കറ്റ് വീതവും ബേസില്‍ തമ്പി രണ്ട് വികറ്റും നേടിയിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ 83 (165) റണ്‍സും സല്‍മാന്‍ നിസാറിന്റെ 93 റണ്‍സുമാണ് കേരളത്തിന്റെ കുതിപ്പിന് കാരണമായത്.
നാലു മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാമത്തെ ജയമാണ്. തുമ്പയില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് കേരളം ജയിച്ചിരുന്നു.