സുരേഷ് ഗോപിയെ വിശ്വസിക്കരുത്; താടി വെച്ചാൽ മറവി വരുമോ: എയിംസ് വാഗ്ദാനത്തിൽ കേന്ദ്രമന്ത്രിക്കെതിരെ കടുപ്പിച്ച് ബിനോയ് വിശ്വം

Suresh Binoy

തൃശൂർ: ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ പെട്ടെന്ന് ഉണ്ടായതല്ലെന്ന് സിപിഐ. ആ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് അവകാശപ്പെട്ടത് ഒന്നും തരാതെ ഇരിക്കുകയാണ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേ. ഇന്ത്യയുടെ ഭാഗമായിരിക്കുന്ന കേരളത്തിൻറെ നേട്ടങ്ങളെ അംഗീകരിക്കാൻ കേന്ദ്രസർക്കാർ കൂട്ടാക്കുന്നില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കേരളത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ കേരളത്തിൽ എയിംസ് വരണം.

കേരളത്തിന് അവകാശപ്പെട്ടതാണ് എയിംസ്. തൃശ്ശൂരിലെ മുഖ്യപ്രചാരണം ആയിരുന്നു എയിംസ്. സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ എയിംസ് വരും എന്നതായിരുന്നു പ്രചാരണം. പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രവർത്തിയാണ് സുരേഷ് ഗോപിയും കേന്ദ്രവും കാണിക്കുന്നത്. സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി പറയുന്നത് വിശ്വസിക്കരുത്. ഇലക്ഷൻ സമയത്ത് പറഞ്ഞതൊക്കെ വിഴുങ്ങുകയാണ്. പഴയ പ്രതികരണങ്ങൾ എടുത്തുനോക്കണം. താടി വെച്ചാൽ മറവി വരുമോ. താടി വച്ചാൽ മറവി വരുമെന്ന് പറയുന്നത് പുതിയ അറിവ്. തിരഞ്ഞെടുപ്പ് സമയത്ത് എയിംസ് എന്ന പ്രചാരണം നടത്തിയത് സുരേഷ് ഗോപിയാണ്. ഇപ്പോൾ അദ്ദേഹം എല്ലാം മറന്നിരിക്കുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

എന്നാൽ എയിംസ് വരുമെന്ന് താൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പറഞ്ഞിട്ടില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് താടി ഉണ്ടായിരുന്നില്ല. ക്ലീൻ ഷേവ് ആയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. താടി വെച്ച സമയത്ത് പ്രതികരണങ്ങളാണ് തിരഞ്ഞെടുപ്പ് സമയത്ത് പ്രതികരണങ്ങൾ എന്ന് പറഞ്ഞ് ഇപ്പോൾ കൊടുക്കുന്നത്. എങ്കിലും എയിംസ് വന്നില്ലെങ്കിൽ താൻ വോട്ട് ചോദിച്ച് വരില്ല എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags

Share this story