ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു; ഇനി ഈ പാർട്ടി കേരളത്തിൽ തല പൊക്കില്ലെന്ന് സുധാകരൻ
Nov 23, 2024, 17:22 IST
ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാർട്ടി കേരളത്തിൽ തല പൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിയുടെ വർഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പതിനായിരത്തിലധികം വോട്ടാണ് ബിജെപിക്ക് നഷ്ടമായത്. ചേലക്കരയിലും വയനാട്ടിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരൻ പറഞ്ഞു. വർഗീയത വാരി വിതറിയും സമുദായങ്ങളെ തമ്മിലടിപ്പിച്ചുമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപിയുടെ സമുന്നതരായ നേതാക്കൾ വരെ പ്രചാരണത്തിന് വന്നിട്ടും പ്രയോജനമുണ്ടായില്ല വർഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയിൽ ബിജെപി നേട്ടമുണ്ടാക്കിയെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം. ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് മികച്ച വിജയം നേടാൻ സാധിച്ചെന്നും കെ സുധാകരൻ പറഞ്ഞു
