മലമ്പുഴ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
Jun 27, 2025, 12:04 IST
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ആദ്യം തുറന്നത്. രാവിലെ 10.15 ഓടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയത്. സെക്കന്റിൽ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തിൽ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 10.20ന് മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 111.19 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്. കൽപ്പാത്തി പുഴയുടെയും ഭാരത പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപ്പർ ഷോളയാർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു. ലോവർ ഷോളയാറിലേക്കുള്ള നീരൊഴുക്ക് ഇതോടെ വർധിച്ചു.
