
ദുബായ്: എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബി വിദ്യാഭ്യാസം നിര്‍ബന്ധമാക്കി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ). ഇന്ത്യന്‍ സ്്കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലും റീപ്രൈമറി തലങ്ങളിലുമെല്ലാം ചെറിയ ക്ലാസുകളിലെ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കിടയില്‍ അറബി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ അധ്യായന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് 2026 ഏപ്രില്‍ മുതലും സെപ്റ്റംബര്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് ഈ വരുന്ന സെപ്റ്റംബര്‍ മുതലുമാണ് അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ നാലു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അറബി വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്നത്. ഇത് ഘട്ടം ഘട്ടമായി ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
ഇമറാത്തി സംസ്‌കാരം, പൈതൃകം, ഭാഷ എന്നിവയെക്കുറിച്ച് അഭിമാനബോധമുള്ളവരായി കുട്ടികള്‍ വളര്‍ന്നു വരാന്‍ ലക്ഷ്യമിട്ടാണ് അറബി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ അറബി ഭാഷ പ്രോത്സാഹിപ്പിക്കാന്‍ വീടുകളിലും സ്‌കൂളുകളിലും പിന്തുണ ഉണ്ടായിരിക്കണമെന്നും ഇതിനായി രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങണമെന്നും കെഎച്ച്ഡിഎ അഭ്യര്‍ത്ഥിച്ചു. ആദ്യഘട്ടത്തില്‍ വിവിധ കളികളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് ഭാഷാ പരിജ്ഞാനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആശയവിനിമയത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും കുട്ടികളെ സംവേദനാത്മകവും സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ പ്രവര്‍ത്തികളിലേക്ക് എത്തിക്കണമെന്ന് കെ എച്ച്ഡിഎ നിര്‍ദേശിക്കുന്നു.