നരഭോജി കടുവ പഞ്ചാരക്കൊല്ലിയില്‍ തന്നെ; പ്രതിഷേധവുമായി നാട്ടുകാര്‍; വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം
ഡ്രോണ്‍ പറത്തി പരിശോധന
വയനാട്ടില്‍ വീട്ടമ്മയെ കടിച്ചുകീറി കൊന്ന നരഭോജി കടുവ പഞ്ചാരക്കൊല്ലിയില്‍ തന്നെയുണ്ടെന്ന് നാട്ടുകാര്‍. വീടിന് പുറത്ത് കടുവയെ കണ്ടുവെന്ന് കുട്ടികളും നാട്ടുകാരില്‍ ചിലരും വ്യക്തമാക്കിയതോടെ ജനങ്ങള്‍ ഭീതിയിലായി. നാട്ടുകാരോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസും വനംവകുപ്പ് അധികൃതരും.
അതേസമയം, കടുവയെ വെടിവെച്ച് കൊല്ലുംവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി രംഗത്തെത്തി. സംഭവസ്ഥലത്തേക്ക് ഇതുവരെ എത്താത്ത കലക്ടര്‍ക്കെതിരെയും പ്രതിഷേധം വ്യാപകമാണ്.
പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ ഓഫീസിനോട് ചേര്‍ന്നുളള നൗഫല്‍ എന്നയാളുടെ വീടിന് സമീപത്തായിട്ടാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ കണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്തേക്ക് എത്തിയത്. എന്നാല്‍ നാട്ടുകാരെ പൊലീസ് തടഞ്ഞു. പ്രദേശത്തുളളവര്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് ഡ്രോണ്‍ ഉപയോ?ഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ആര്‍ആര്‍ടി സംഘവും പരിശോധന നടത്തുന്നുണ്ട്. വീടിന് പിന്നിലായി കടുവയെ കണ്ടുവെന്ന് പ്രദേശവാസികളായ കുട്ടികളാണ് ആദ്യം അറിയിച്ചത്. കടുവയെ കണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ, കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്ന സര്‍വ്വകക്ഷി യോഗം അല്‍പസമയത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.