കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 98
രചന: റിൻസി പ്രിൻസ്
മീരയുടെ കുറ്റം പറഞ്ഞപ്പോഴേക്കും സതി വാചാലയായി, അത് കേട്ടുകൊണ്ട് അർജുനും ഇരുന്നു. സുധിയ്ക്ക് മാത്രമാണ് മീരയോടാ വീട്ടിൽ താല്പര്യം ഉള്ളത് എന്ന് ഏകദേശം അർജുൻ മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ സുധി പോവുകയാണെങ്കിൽ മീര ആ വീട്ടിൽ ഒറ്റപ്പെടും എന്നും, ആ ഒറ്റപ്പെടലിലൂടെ മീരയുടെ മനസ്സിൽ കയറിപ്പറ്റാൻ വീണ്ടും തനിക്ക് സാധിക്കുമെന്നും അവൻ മനസ്സിൽ ചിന്തിച്ചിരുന്നു
“അതൊക്കെ പോട്ടെ വല്യമ്മ, എല്ലാ വീട്ടിലും ഉള്ള പ്രശ്നങ്ങളല്ലേ ഇതൊക്കെ. ഇത് വലിയ പ്രശ്നമാക്കി എടുക്കേണ്ട…
അവൻ പറഞ്ഞപ്പോഴേക്കും അകത്തുനിന്ന് ചായയുമായി മീര വരുന്നത് കണ്ടിരുന്നു.. മീരയെ കണ്ടപ്പോൾ തന്നെ ആ സംസാരം സതിയും അവസാനിപ്പിച്ചിരുന്നു. ആ നിമിഷം അർജുൻ ശ്രദ്ധിച്ചത് മീരയുടെ ശരീരത്തിലാണ്, അവൾ ഒരുപാട് മാറി പോയിരിക്കുന്നു. ഒന്നുകൂടി തുടുത്ത് തിളങ്ങിയിട്ടുണ്ട് പെണ്ണ്, താൻ പരിചയപ്പെടുമ്പോഴും സംസാരിക്കുമ്പോഴും മെലിഞ്ഞിരുന്നവളാണ് ഇപ്പോൾ ഒത്ത നീളവും വണ്ണവും ഒക്കെ വന്നിട്ടുണ്ട്, നല്ല അങ്കലാവണ്യത്തിൽ ഒരു സുന്ദരിയായി മാറിയിരിക്കുന്നു.. നിറവും മുടിയും ഒക്കെ കുറച്ചുകൂടി വച്ചിട്ടുണ്ട്..ഒരു നിമിഷം സുധിയുടെ ഭാഗ്യം ഓർത്തപ്പോൾ അവന് അസൂയ തോന്നിയിരുന്നു.
“ഇതാരാണെന്ന് മനസ്സിലായോ…?
സതി താല്പര്യമില്ലാതെ മേരിയോട് ചോദിച്ചു
“ഉം… സുധിയേട്ടൻ പറഞ്ഞിരുന്നു ചെറിയമ്മയുടെ മോനാണെന്ന്,
അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു. ചായ അവന്റെ അരികിൽ വച്ചതിനു ശേഷം അവൾ ഉടനെ തന്നെ അകത്തേക്ക് കയറി പോയിരുന്നു.. അവളുടെ ആ രീതിയിൽ ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് സധിക്കാണ്, അതേപോലെ തന്നെ ആ രീതി അർജുനും ഇഷ്ടപ്പെട്ടില്ല താൻ ഇവിടെ ഉണ്ടായിട്ടും തന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ തന്റെ മുഖത്ത് പോലും ഒന്നു നോക്കാതെ അവൾ അകത്തേക്ക് കയറിപ്പോയത് അവന് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. അവളുടെ മനസ്സിൽ താൻ ഇല്ല എന്ന് ഉറപ്പാണ്. എങ്കിലും സതിയെ കാണിക്കാൻ വേണ്ടിയെങ്കിലും തന്നോട് ഒന്ന് സംസാരിക്കാമായിരുന്നില്ലേ, അവളുടെ ആ അഹങ്കാരത്തിന് നല്ലൊരു ശിക്ഷ തന്നെ അവൾക്ക് നൽകണമെന്ന് ആ നിമിഷം അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..
” കണ്ടോ മോനെ അവളുടെ നിഷേധം, വീട്ടിൽ ഒരാൾ വന്നാൽ ഇതാ ഇവളുടെ രീതി, ആരോടും മിണ്ടത്തില്ല, ആരേലും വന്നാൽ ഉടനെ കേറി അങ്ങ് അകത്തേക്ക് പോകും, ഇനിയിപ്പോൾ സുധിയുടെ തലവട്ടം കണ്ടാൽ മാത്രം പുറത്തേക്കിറങ്ങു, നിന്നോട് എനിക്ക് പറയാൻ നാണക്കേട് ആണ്, എങ്കിലും പറയാതിരിക്കാൻ പറ്റില്ല അവൻ ഗൾഫിൽ നിന്ന് വന്ന സമയം തൊട്ട് എന്റെ പൊന്നു മോനെ ആ മുറിക്കകത്ത് അവനെയും വിളിച്ചുകൊണ്ട് അടച്ചിരിക്കുവാ, ഇവിടെയാണെങ്കിൽ പ്രായമായ ഒരു തള്ളയുണ്ട് ഒരു പൊടി കൊച്ചൊണ്ട് എന്നുള്ള വിചാരം ഒന്നുമില്ല, 24 മണിക്കൂറും സുധിയുടെ കൂടെ ആ മുറിയിൽ കയറി അടച്ചിരിക്കും. ഇങ്ങനെയാണോ ഓരോ കുടുംബത്തിൽ വന്നു കയറുന്ന പെമ്പിള്ളാര് ചെയ്യുന്നത്.
അവരുടെ ആ സംസാരം കൂടി ആയപ്പോൾ അർജുനിൽ കോപം വല്ലാതെ വർധിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…
അയൽപക്കത്തുള്ള ആമിന താത്ത അപ്പോഴാണ് അവിടേക്ക് വന്നിരുന്നത്, അവരെ കണ്ടതും സതി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു. ഇതാണ് അവസരം എന്ന് അർജുന് തോന്നി, അവൻ പെട്ടെന്ന് ചായ കുടിച്ചതിനു ശേഷം അടുക്കളയിലേക്ക് ഒന്നു നോക്കി അവൾ അവിടെ ഉണ്ടാകും എന്ന് ഉറപ്പാണ്,
“മോനെ ഞാനിപ്പോ വരാം നീ ഇറങ്ങല്ലേ, അപ്പുറം വരെ പോയിട്ട് ഓടി വരാം, അയൽക്കൂട്ടത്തിന്റെ ഒരു കണക്ക് കാണിക്കാനാ അതും പറഞ്ഞ്
സതി ആമിന താത്തക്കൊപ്പം അപ്പുറത്തേക്ക് പോയപ്പോൾ താൻ ഇതിലും മികച്ച ഒരു അവസരം ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് അവനു തന്നെ തോന്നിയിരുന്നു. ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവൻ വാച്ച് നോക്കി അവരോട് പറഞ്ഞു
” പെട്ടെന്ന് വരില്ലേ എനിക്ക് തിരക്കുണ്ടായിരുന്നു,
” ഓടിവരാന്നേ ഒരു പത്തു മിനിറ്റ്
” എങ്കിൽ ശരി വല്യമ്മ പോയിട്ട് വാ
അവനത് പറഞ്ഞതും പെട്ടെന്ന് ചായ കുടിച്ചു തീർത്തും സതി പുറത്തേക്കിറങ്ങിയതും അവൻ രണ്ടും കൽപ്പിച്ച അടുക്കളയിലേക്ക് പോയിരുന്നു… സിങ്കിൽ കുന്നുകൂടി കിടക്കുന്ന പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ് മീര, പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ആ കഴുത്തിൽ മുത്തം ഇടാനാണ് അവന് തോന്നിയത്, പക്ഷേ അവൻ സ്വയം നിയന്ത്രിച്ചു ഒരു തഞ്ചത്തിൽ അവൾക്ക് അരികിൽ നിന്നാൽ മാത്രമേ തന്റെ ആവശ്യങ്ങൾ നടക്കുകയുള്ളൂ എന്ന് അവന് ഉറപ്പായിരുന്നു.. അതിനാൽ അവനൊന്ന് മുരട് അനക്കി, പെട്ടെന്ന് ഭയന്ന് മീര തിരിഞ്ഞു നോക്കിയതും അവനെയാണ് കാണുന്നത്… അടുക്കളയിൽ തൊട്ടു പുറകിലായി നിൽക്കുന്ന അവനെ കണ്ടപ്പോൾ ഒരു നിമിഷം അവൾ ഒന്ന് പരിഭ്രമിച്ചിരുന്നു, പെട്ടെന്ന് അവൾ പുറത്തേക്ക് നോക്കി അവളുടെ ഭയത്തിന്റെ കാരണം കണ്ടപ്പോൾ ആരെങ്കിലും കാണുമോ എന്നതാണ് എന്ന് അവനും മനസ്സിലാക്കാൻ സാധിച്ചു,
” പേടിക്കണ്ട നമ്മൾ മാത്രമേ ഉള്ളൂ, വല്യമ്മ അപ്പുറത്തെ അയൽക്കൂട്ടത്തിലേക്ക് പോയി എന്തോ കണക്കെടുക്കാൻ വേണ്ടി പോയി, അതുകൊണ്ടാ ഞാൻ ധൈര്യത്തോടെ അകത്തേക്ക് കയറി വന്നത്,
” എന്തിന്…?
രൂക്ഷമായ മുഖത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു,
” അത് ചായകുടിച്ച ഈ ഗ്ലാസ് തരാൻ വേണ്ടി,
അവൾക്ക് നേരെ ഗ്ലാസ് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു..
പൈപ്പ് തുറന്ന് കയ്യൊന്ന് കഴുകി അവൾ ഗ്ലാസ് വാങ്ങിയപ്പോൾ മനപ്പൂർവമായി തന്നെ അവൻ അവളുടെ കൈകളിൽ ഒന്ന് തൊട്ടിരുന്നു, മീരയ്ക്കത് മനസ്സിലായി പെട്ടെന്ന് തന്നെ അവൾ രൂക്ഷമായ രീതിയിൽ അവനെ ഒന്ന് നോക്കി.. അവളുടെ കണ്ണുകളിൽ അഗ്നിയാളുന്നത് പോലെയാണ് അവനെ തോന്നിയത്…
“നിനക്ക് ഇവിടെ വലിയ ബുദ്ധിമുട്ട് അല്ലേ വലിയമ്മയുടെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി, അവർക്ക് നിന്നെ അത്ര ഇഷ്ടമല്ല എന്ന്. അവരല്ലെങ്കിലും അങ്ങനെ ഒരു ടൈപ്പ് ആണ്..നമ്മുടെ ബന്ധുക്കാർക്ക് ആർക്കും ഇവരെ ഇഷ്ടമല്ല അതിന് കാരണം എന്താ ആരും നന്നാവുന്നത് ഇഷ്ടമല്ല എല്ലാവരുടെയും കുറ്റവും പറഞ്ഞുകൊണ്ടിരിക്കും ഇപ്പോൾ തന്നെ ഉള്ള നേരം വച്ച് നിന്റെ എന്തെല്ലാം കുറ്റം എന്നോട് പറഞ്ഞത്, എനിക്കാണെങ്കിൽ കലിച്ച് കയറി വന്നതാ. പിന്നെ എന്തെങ്കിലും പറയാൻ പറ്റുമോ, പിന്നെ സുധിയേട്ടൻ പണ്ടുമുതലേ ഒരു പൊട്ടനാ അമ്മ പറയുന്നത് എല്ലാം അതേപോലെ കേൾക്കും, അങ്ങനെ ഒരു സ്വഭാവം, അതുകൊണ്ട് നിനക്ക് ഇവിടെ വലിയ ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്കറിയാം, നീ അവർക്ക് വല്ല്യ ബഹുമാനം ഒന്നും കൊടുക്കണ്ട
അവൻ പതുക്കെ അവളുടെ മനസ്സറിയാൻ വേണ്ടി പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം തോന്നിയിരുന്നു.. ചെയ്യുന്ന ജോലി ഒന്നും നിർത്തി അവനെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു
” ആദ്യം തന്നെ ഞാൻ അർജുനോട് പറഞ്ഞിരുന്നു എടീ പോടീ എന്നൊന്നും എന്നെ വിളിക്കരുതെന്ന്. ഞാൻ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് മിനിമം പേര് വിളിക്കാനുള്ള ഒരു സംസ്കാരം എങ്കിലും നിങ്ങൾ കാണിക്കണം, പിന്നെ എന്റെ ഭർത്താവിന്റെ അമ്മയ്ക്ക് എന്റെ സ്വന്തം അമ്മയെ പോലെ എന്നെ എന്ത് കാര്യത്തിനും ശാസിക്കാനും എന്റെ കുറ്റം പറയാനുമുള്ള അധികാരമുണ്ട്, അത് ഞാൻ അവർക്ക് കൊടുത്തിട്ടുള്ളത് ആണ്. അതിന് മൂന്നാമത് ഒരാൾ എന്നോട് വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല, ഇത് ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന പ്രശ്നമോ, അത് തീർക്കാൻ ഞങ്ങൾക്കറിയാം. എന്റെ ഭർത്താവിനെ എനിക്ക് സമ്മാനിച്ചത് ആ അമ്മയാ ഈ ലോകത്തിന് സമ്മാനിച്ചത് അമ്മയാ. ആ ഒരു ബഹുമാനം എനിക്ക് എന്നും അമ്മയോട് ഉണ്ട് എന്നെ എന്ത് പറയാനുള്ള അവകാശവും അമ്മയ്ക്ക് ഉണ്ട്, പിന്നെ നിങ്ങൾ പറഞ്ഞല്ലോ എന്റെ ഭർത്താവ് ഒരു പൊട്ടൻ ആണെന്ന്, കുടുംബ ബന്ധങ്ങളോടുള്ള ഇഷ്ടം കൊണ്ടും സ്നേഹം കൊണ്ടും ഒക്കെ ചില സാഹചര്യങ്ങളിൽ ആളുകൾ പൊട്ടനായി പോകും, അത് അവരുടെ തെറ്റല്ല, അവർക്ക് നല്ല മനസ്സുള്ളതുകൊണ്ട് ആണ്… പിന്നെ ജന്മം നൽകിയ മാതാപിതാക്കളെ അനുസരിക്കുന്നത് ഒരു പൊട്ടത്തരമായിട്ട് എനിക്ക് തോന്നിയിട്ടില്ല, അമ്മ പറയുന്നത് എന്തും കേൾക്കുന്ന സ്വഭാവമാണ് സുധിയേട്ടന്റെ എന്ന് പറഞ്ഞല്ലോ അത് ഒരു നല്ല ക്വാളിറ്റി ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നത്തെ കാലത്ത് എത്ര ആമ്പിള്ളേർക്ക് ഉണ്ട് അങ്ങനെ ഒരു കോളിറ്റി. പിന്നെ അച്ഛനും അമ്മയും പറയുന്നതൊക്കെ അക്ഷരം പ്രതി അനുസരിക്കുന്ന സ്വഭാവമാണല്ലോ അർജുന് ഉള്ളത്, അപ്പോൾ അർജുൻ ഒരു പൊട്ടൻ ആയിരിക്കും അല്ലേ..?
മീരയുടെ ആ ചോദ്യത്തിൽ അവൻ ശരിക്കും പകച്ചു പോയിരുന്നു
” പിന്നെ എന്റെ ഭർത്താവിനെക്കുറിച്ചും അദ്ദേഹത്തിന്റെ അമ്മയെ കുറിച്ചും ഒക്കെ വിമർശിക്കുവാനും മോശമായിട്ട് സംസാരിക്കുവാനും എന്റെ അടുത്തേക്ക് അർജുൻ വരണം എന്നില്ല.ഞാൻ പറഞ്ഞല്ലോ ആദ്യം അവരുടെ മകനായതിനു ശേഷം ആണ് എന്റെ ഭർത്താവായത് അതുകൊണ്ടു തന്നെ അമ്മയ്ക്ക് നൽകേണ്ട ബഹുമാനം എന്താണെന്ന് എനിക്കറിയാം അത് അർജുൻ എന്നെ പഠിപ്പിക്കാൻ വരണ്ട, മാത്രമല്ല എന്റെ ജീവിതത്തിൽ ഒരിടത്തേക്കും അർജുൻ കയറി വരാൻ നിൽക്കേണ്ട. എനിക്കത് ഇഷ്ടമല്ല.. ദയവു ചെയ്തു അടുക്കളയിൽ നിന്ന് ഇറങ്ങി പോകണം
ദേഷ്യത്തോടെ മീര ഇത്രയും പറഞ്ഞപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കാൻ അവൾക്ക് അറിയുമോ എന്ന് ഭയമായിരുന്നു ആ നിമിഷം അർജുനിൽ നിറഞ്ഞുനിന്നത്…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…