പി പി ഇ കിറ്റ് വിവാദം: അതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്ന് കെ കെ ശൈലജ
അടിയന്തര സാഹചര്യത്തിലാണ് കൂടുതല്‍ പണം നല്‍കിയത്
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അത് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടെന്നും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ തുകയും നല്‍കിയതെന്നും ലോകയുക്തക്ക് മുന്നില്‍ പരാതി നല്കിയപ്പോള് മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.
നിയമസഭയില്‍ താന്‍ ഉള്ളപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചതാണെന്നും വളരെ വ്യക്തമായി എന്താണ് സംഭവിച്ചതെന്ന് മറുപടി പറഞ്ഞതാണ്. പിപിഇ കിറ്റിന് മാര്‍ക്കറ്റില്‍ ക്ഷാമമുള്ള സമയത്ത് കുറച്ച് എണ്ണം ഉയര്‍ന്ന തുക നല്കി വാങ്ങേണ്ടി വന്നിട്ടുണ്ട്. ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നു പോവില്ല എന്നുള്ളത് ഉറപ്പല്ലേ കെ കെ ശൈലജ വ്യക്തമാക്കി.
ആ സമയത്ത് പിപിഇ കിറ്റിന് നല്ല ക്ഷാമം ഉണ്ടായിരുന്നുവെന്നും ഒരു കമ്പനിയുടെ കൈയില്‍ മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു.