Kerala

കൊടകര: ബി ജെ പി – സി പി എം ഡീല്‍ ആണെന്ന് യു ഡി എഫ്

ജുഡീഷ്യല്‍ അന്വേഷണം അനിവാര്യം

പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ്. ഇനിയും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ബി ജെ പിയും-സി പി എമ്മിലും തമ്മിലുള്ള ഡീല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറിയുടേത് യു ഡി എഫിന്റെ വാദങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന വെളിപ്പെടുത്തലാണ്. കൊടകര കുഴല്‍പ്പണക്കേസ് പോലീസ് തേച്ചുമാച്ച് കളയുകയായിരുന്നു. ബി ജെ പിയെ സഹായിക്കാനുള്ള നീക്കമായിരുന്നു അത്. തെളിവൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇഡി അന്വേഷിക്കട്ടെയെന്നായിരുന്നു സിപിഎം വാദം. ഇഡി അന്വേഷിച്ചാല്‍ ആ കേസില്‍ എന്തെങ്കിലും ബി ജെ പിക്കെതിരായി കണ്ടെത്തുമോ. കരുവന്നൂര്‍ ബാങ്ക് കൊള്ള തേച്ചുമാച്ച് കളയുന്നതിനുള്ള പ്രത്യുപകാരമായിരുന്നു ഇത്. ബി ജെ പിയും സി പി എമ്മും തമ്മില്‍ അന്ന് മുതല്‍ തുടങ്ങിയതാണ് ഈ അന്തര്‍ധാര.

കേസെടുത്താല്‍ തന്നെ കേസ് എവിടെയെങ്കിലും എത്തുമോ, ഇല്ല. ഈ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ ഉണ്ടായത് നന്നായി. ഇരുപാര്‍ട്ടികളും തമ്മില്‍ പാലക്കാടും ചേലക്കരയും ഡീല്‍ ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ സി പി എം അതിനെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ. വെളിപ്പെടുത്തലില്‍ പുനഃരന്വേഷണം വേണം. നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണമാണ് യു ഡി എഫ് ആവശ്യപ്പെടുന്നത്. അല്ലാതെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല’, അദ്ദേഹം പറഞ്ഞു.

Related Articles

Back to top button