ജാമ്യ വ്യവസ്ഥ ലംഘിച്ച കൊടി സുനിയുടെ പരോൾ റദ്ദാക്കി; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ജാമ്യം റദ്ദാക്കി. മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ ജാമ്യവ്യവസ്ഥ ലംഘിച്ചതായി നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ചത്. മീനങ്ങാടി സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് പരോൾ റദ്ദാക്കിയത്.
കൊടി സുനിയെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അതേസമം ടിപി വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ജൂൺ 17ന് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്ക് സമീപത്തെ ഹോട്ടലിലാണ് കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയുമായിരുന്നു.