കൊല്ലത്തിന് ചാകരക്കോള്; ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ
![](https://metrojournalonline.com/wp-content/uploads/2025/02/balagopal-2-780x470.avif)
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ബിഹാറാണ് താരമെങ്കിൽ സംസ്ഥാന ബജറ്റിൽ കൊല്ലമാണ് താരം. ഒട്ടേറെ വികസന പദ്ധതികളുടെ പ്രഖ്യാപനമാണ് കൊല്ലത്തിനും ധനമന്ത്രി കെഎം ബാലഗോപാലൻ പ്രതിനിധാനം ചെയ്യുന്ന ജില്ലയിലെ നിയമസഭാ മണ്ഡലമായ കൊട്ടാരക്കരയ്ക്കും വേണ്ടി നടത്തിയിട്ടുള്ളത്.കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും രണ്ട് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന വന്‍ പ്രഖ്യാപനമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ നടത്തിയിരിക്കുന്നത്.
മുമ്പ് കെഎം മാണി ധനമന്ത്രിയായിരുന്നപ്പോൾ സ്വന്തം മണ്ഡലമായ പാലായ്ക്ക് വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തിയ മാതൃകയിലാണ് സ്വന്തം മണ്ഡലമായ കൊട്ടാരക്കരയ്ക്ക് വേണ്ടി ബാലഗോപാലനും നടത്തിയത്.വിദ്യാഭ്യാസം, തീരദേശം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനത്തിനാണ് വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുള്ളത്.
റോഡ് മുതൽ ഐടി പാർക്ക് വരെ
കൊല്ലത്ത് ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപയും ബജറ്റ് വിഹിതമുണ്ട്. വിഴിഞ്ഞം- കൊല്ലം-പുനലൂര്‍ ത്രികോണ വികസന പദ്ധതിയും ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിന് അഞ്ച് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലാണ് മ്യൂസിയം തുടങ്ങുക. നീണ്ടകര മത്സ്യബന്ധന തുറമുഖ വികസനത്തിനും പദ്ധതിയുണ്ട്. ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയുടെ പുനരുജ്ജീവന പദ്ധതികളും കൊല്ലം ജില്ലയ്ക്ക് തന്നെയാകും ഏറ്റവും കൂടുതല്‍ ഫലം ചെയ്യുക. ഇതിന് പുറമെ റോഡിനും പാലങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള അധികഫണ്ടുകളുടെ ഗുണവും ജില്ലയ്ക്കും ലഭിക്കും. വിദ്യാഭ്യാസ മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഇക്കുറി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ കൊല്ലത്തെ കാത്തിരിക്കുന്നത് വന്‍ വികസനമാകും. ധനമന്ത്രിക്ക് പുറമെ ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ കൂടിയുള്ളത് ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന കാഴ്‌ചയാണ് ഇക്കുറി ബജറ്റില്‍ നിന്ന് കിട്ടുന്നത്.