മസ്തകത്തിലെ പരുക്കിനെ തുടർന്ന് ചികിത്സ നൽകാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ ചരിഞ്ഞു

മസ്തകത്തിൽ മുറിവേറ്റ് അതിരപ്പിള്ളി വനമേഖലയിൽ നിന്ന് ചികിത്സ നൽകാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ ചരിഞ്ഞു. കോടനാട് ആന പരിപാലന കേന്ദ്രത്തിലെ ചികിത്സക്കിടെയാണ് ആന ചരിഞ്ഞത്. മസ്തകത്തിലെ മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് പടർന്നിരുന്നു. ആനക്ക് ശ്വാസമെടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു
കഴിഞ്ഞ മാസമാണ് മസ്തകത്തിൽ പരുക്കേറ്റ നിലയിൽ ആനയെ കണ്ടത്. ഇതേ തുടർന്ന് ജനുവരി 24ന് അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം ആനയെ മയക്കുവെടിവെച്ച് മയക്കി ചികിത്സ നൽകിയിരുന്നുവെങ്കിലും പരുക്കുമായി ആന വീണ്ടും കാടിറങ്ങി
മുറിവിൽ നിന്ന് പുഴുക്കൽ അരിച്ചിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആനയെ വീണ്ടും മയക്കുവെടി വെച്ച് പിടികൂടിയതും കോടനാടേക്ക് മാറ്റി ചികിത്സ നൽകാൻ തുടങ്ങിയതും. ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചികിത്സക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു.