കൂത്താട്ടുകുളം സംഭവം; പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ആവശ്യം തള്ളി
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ആവശ്യം തള്ളി. അനൂപ് ജേക്കബ് എംഎൽഎയാണ് നോട്ടീസ് നൽകി. കേരളത്തിൽ എവിടെയാണ് സ്ത്രീകൾക്ക് സുരക്ഷയുള്ളതെന്ന് അനൂപ് ജേക്കബ് ചോദിച്ചു.
സ്ത്രീ സുരക്ഷ ഉറപ്പ് നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് രണ്ടാഴ്ചക്ക് ശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗൺസിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തിൽ പട്ടാപ്പകൽ സ്ത്രീകളെ പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടു പോകുകയാണെന്നും അനൂപ് ജേക്കബ് പറഞ്ഞു
അതേസമയം സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.