പൂക്കോട് സിദ്ധാർഥന് സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണ് കോട്ടയത്തേത്; എസ്എഫ്‌ഐയെ പിരിച്ചുവിടണമെന്ന് സതീശൻ

വയനാട്ടിൽ സിദ്ധാർഥന് സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയാണ് കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലപാതകത്തിലേക്ക് എത്തിയില്ലെന്ന് മാത്രമേയുള്ളു. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളേജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്.
പൂക്കോട് സംഭവത്തിൽ പ്രതികളായ എസ് എഫ് ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്ത് നിന്നുണ്ടായി. കോട്ടയം നഴ്‌സിംഗ് കോളേജിലും റാഗിംഗിന് നേതൃത്വം നൽകിയത് എസ് എഫ് ഐയുമായി ബന്ധമുള്ള സംഘടനയുടെ സെക്രട്ടറിയാണ്. ദയവ് ചെയ്ത് എസ് എഫ് ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടത്
പുരോഗമന ചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിംഗിലൂടെ ഇവർ 40 വർഷം പിന്നോട്ടു കൊണ്ടുപോകുന്നത്. പട്ടിക ജാതി വിദ്യാർഥികൾക്കുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാൻ ഇറങ്ങരുതെന്നാണ് സർക്കാരിനോടും മുഖ്യമന്ത്രിയോടും പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.