National

കൊവിഡ് ബൈ പറഞ്ഞു; ക്ഷയം തിരിച്ചെത്തി: 25 മുതല്‍ 28 ശതമാനം രോഗികളും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ലോകത്തുനിന്നും ബൈ പറഞ്ഞെങ്കിലും കൊവിഡിന് ശേഷം പല സാംക്രമിക രോഗങ്ങളും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നതിനാണ് ലോകം സാക്ഷിയാവുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്താകെ വന്‍ തോതില്‍ മരണം വിതച്ച ക്ഷയ രോഗം വര്‍ധിത ശക്തിയോടെ ലോകം മുഴുവന്‍ തിരിച്ചെത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022ല്‍ മാത്രം 13 ലക്ഷം ജീവനാണ് ലോകം മുഴുവന്‍ ക്ഷയം കവര്‍ന്നത്.

ഇടവിട്ടുണ്ടാവുന്ന പനി, രണ്ടാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന ചുമ, കടുത്തക്ഷീണം, ഭാരക്കുറവ്, നെഞ്ചുവേദന എന്നിവയാണ് ക്ഷയ രോഗത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ കഫത്തില്‍ രക്തത്തിന്റെ അംശവും കാണാറുണ്ട്. ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചവ്യാധികളിലൊന്നായ ക്ഷയ രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്തുള്ള ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്.

ഇന്തോനേഷ്യ 10 ശതമാനം, ചൈന 6.8 ശതമാനം, ഫിലിപ്പീന്‍സ് 6,8 ശതമാനം പാകിസ്താന്‍ 6.3 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ക്ഷയ രോഗികളുള്ള രാജ്യങ്ങള്‍. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 12.5 ലക്ഷം ആളുകളാണ് 2023ല്‍ ക്ഷയം ബാധിച്ച് മരിച്ചത്. ഇവരില്‍ 1,61,000 പേര്‍ എച്ചഐവി ബധിതരാണ്. ഏറ്റവും കൂടുതല്‍ മരണം വിതക്കുന്ന ഏക സാംക്രമിക രോഗമെന്നാണ് ഡബ്ലിയുഎച്ച്ഒ ക്ഷയത്തെ വിശേഷിപ്പിക്കുന്നത്.

3.4 ലക്ഷം ആളുകളാണ് 2023ല്‍ മാത്രം ഇന്ത്യയില്‍ ക്ഷയം ബാധിച്ച് മരിച്ചത്. ഓരോ മണിക്കൂറിലും 39 മരണമെന്ന ഭീതിതമായ സ്ഥിതിയിലാണിത് എത്തിനില്‍ക്കുന്നത്. 2015ല്‍ ഒരു ലക്ഷം പേരില്‍ 237 പേര്‍ ക്ഷയ രോഗികളായിരുന്നെങ്കില്‍ 2022ലെ കണക്കുകള്‍ പ്രകാരം ഇത് 199 ആയി കുറഞ്ഞിട്ടുണ്ടെന്നത് ആശ്വസിക്കാവുന്ന കാര്യമല്ല.

2023ല്‍ ലോകത്ത് ഏകദേശം 82 ലക്ഷം ആളുകള്‍ക്കാണ് പുതുതായി ക്ഷയം രോഗം സ്ഥീരികരിച്ചിട്ടുള്ളത്. 1995ല്‍ ലോകാരോഗ്യ സംഘടനയുടെ ആഗോള ടി.ബി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 55 ശതമാനം പുരുഷന്‍മാരും 33 ശതമാനം സ്ത്രീകളും 12 ശതമാനം കുട്ടികളുമാണ്.

Related Articles

Back to top button