കഞ്ചാവ് ചെടി വീട്ടില്‍ നട്ടുവളര്‍ത്തിയ രാജകുടുംബാംഗത്തിന് ജീവപര്യന്തം വിധിച്ച് കുവൈറ്റ് കോടതി
കുവൈറ്റ് സിറ്റി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കുവൈറ്റ് രാജകുടുംബാംഗത്തിനും സഹായിയായ എഷ്യക്കാരനും ജീവപര്യന്തം ശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. വീട്ടില്‍ നടത്തിയ റെയിഡില്‍ 5.13 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. വില്‍പനക്കായി സജ്ജമാക്കിയിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഇതോടൊപ്പം 54,150 മയക്കുമരുന്ന് ഗുളികകളും 25 കിലോഗ്രാം ഭാരമുള്ള 270 കഞ്ചാവ് ചെടികളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിരുന്നു.
സഹായികളായി ഉണ്ടായിരുന്ന മൂന്ന് ഏഷ്യക്കാരായ തൊഴിലാളികളില്‍ ഒരാള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സാമൂഹികമായ ഉന്നത പദവി മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ പ്രതിബദ്ധമാവില്ലെന്ന സന്ദേശമാണ് കുവൈറ്റ് അധികൃതര്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്. രാജകുടുംബാംഗം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യക്കാരുടെ സഹായത്തോടെയായിരുന്നു കൃഷി നടത്തിയത്. കൗണ്‍സിലര്‍ നായിഫ് അല്‍ ദഹൂം അധ്യക്ഷനായ ഒന്നാം പ്രാഥമിക(ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് സുപ്രധാനമായ ശിക്ഷ വിധിച്ചത്.